
കല്ലറ: മൈലമൂട് വനമേഖലയോട് ചേർന്നുള്ള പന്നിഫാമിലെ മാലിന്യങ്ങൾ പാങ്ങോട് പഞ്ചായത്ത്, പാങ്ങോട് പൊലീസ്, വില്ലേജ് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ കുഴിച്ചെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന അറവുമാലിന്യവും ഹോട്ടൽ മാലിന്യങ്ങളും വൻതോതിൽ പന്നിഫാമിൽ കൊണ്ടുവരുന്നെന്നും ഇതിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച് മൂടുന്നുവെന്നും ഈ മാലിന്യം പത്ത് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നചിറ്റാർ നദിയിലെത്തുന്നുവെന്നും കാട്ടി പ്രദേശവാസികളടക്കം ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചായത്തും പാങ്ങോട് പൊലീസും നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. തുടർന്ന് കഴിഞ്ഞ ദിവസം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു. അനധികൃതമായി കുഴിച്ചിടുന്ന മാലിന്യങ്ങൾ വനമേഖലയിൽ നിന്നും കണ്ടെത്താൻ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ലോഡുകണക്കിന് മാലിന്യങ്ങൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിച്ചിട്ടതായി കണ്ടെത്തിയത്. പകർച്ചവ്യാധികളുൾപ്പെടെ പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നതിനാൽ ഇത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പന്നിഫാമിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി അറിയിച്ചു.