sana
SANA

വാഷിംഗ്‌ടൺ: ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് തിരുജയന്തി വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. ആശ്രമ ധ്യാനമണ്ഡപത്തിൽ ഗുരുദേവന്റെ അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ബോധാനന്ദ സ്വാമിയുടെ അഭിഷേക ശതാബ്ദി വാർഷികആഘോഷങ്ങളുടെ അനുസ്മരണ സമ്മേളനവും നടന്നു.

ചടങ്ങിൽ ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ബ്രൂസ് റസ്സൽ ഗുരുദർശനത്തെ ആസ്പദമാക്കി സംസാരിച്ചു. അമേരിക്കൻ ജനതയിൽ ഗുരുദർശനം എത്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് ആരോൺ പറഞ്ഞു. സ്വാമി ഗുരുപ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തി. ജാതി ഉച്ചാടനം ചെയ്യുന്നതിനായി ധർമ്മഭടസംഘം എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്ത് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രചാരണം നടത്തിയ ബോധാനന്ദസ്വാമി ത്യാഗത്തിൽ സമർപ്പിത ചേതസായിരുന്നെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

ഗുരുദേവ ദർശനത്തിന്റെ മഹിമയെ ആസ്പദമാക്കി ആശ്രമം ബോർഡംഗം ഷാജി പാപ്പൻ(ടെക്സാസ്)പ്രഭാഷണം നടത്തി. സുനിൽ കാരാടിയിൽ,നിഷ, മനോജ് കുട്ടപ്പൻ,സാജൻ നടരാജൻ,രത്നമ്മ ഗോപിനാഥൻ, കാർത്യായനി രാജേന്ദ്രൻ, സജി,സിന്ധു,സന്തോഷ് വാസുദേവൻ (മുംബയ്), ഡോ.അജയ്, ഡോ.ടിബിൻ, പി.ആർ.ഒ പ്രസാദ് കൃഷ്ണൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ആശ്രമം ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു.