കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മികച്ച പാർലമെന്റേറിയനും എഴുത്തുകാരനുമായിരുന്ന സഖാവ് കെ.വി.സുരേന്ദ്രനാഥിന്റെ 20-ാം ചരമവാർഷികദിനമാണ് ഇന്ന്. ആറ് പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വ്യക്തിത്വമാണ് ആശാൻ എന്ന് ഏവരും ആദരവോടെ വിളിച്ചിരുന്ന കെ.വി.സുരേന്ദ്രനാഥ്.

ട്രാവൻകൂർ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനരംഗത്തും സ്വാതന്ത്ര്യ സമ്പാദന പോരാട്ടത്തിലും എത്തിച്ചേർന്ന ആശാൻ മൂല്യവത്തായ രാഷ്ട്രീയത്തിന്റെ ഉദാത്ത പ്രതീകമായി. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം പാർട്ടി സഖാക്കളുടെ അദ്ധ്യാപകനായി.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയപ്പെടാതിരുന്ന കാലത്ത് അതിനുവേണ്ടി അദ്ദേഹം നിരന്തരം ശബ്ദിച്ചു, പോരാടി. പ്രകൃതി ചൂഷണം സൃഷ്ടിക്കുന്ന കൊടുംവിപത്തുകളെ ആശാൻ ദീർഘദർശനം ചെയ്തു. ഇന്ന് ആ വാക്കുകൾ, എഴുത്തുകൾ എത്രമേൽ പ്രസക്തമെന്ന് കാലം തിരിച്ചറിയുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അജണ്ടയിൽ പരിസ്ഥിതിയെക്കൂടി കൂട്ടിച്ചേർക്കാൻ ആശാൻ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. പാർലമെന്ററി രംഗത്തും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ജനപ്രതിനിധികൾക്ക് അദ്ദേഹം മാതൃകയാണ്. അദ്ദേഹത്തിന്റെ ലളിതജീവിത മാതൃക അനുകരണീയമായിരുന്നു.