വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഓവർബ്രിഡ്ജ് നിർമ്മാണത്തിന്റെ പൈലിംഗ് പ്രവൃത്തികൾ ഈയാഴ്ചയോടെ ആരംഭിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. പൈലിംഗ് യന്ത്രങ്ങൾ ഉടനെത്തുമെന്നും തൊട്ടടുത്ത ദിവസം മുതൽ പ്രവൃത്തികൾ ആരംഭിക്കുമെന്നും വെഞ്ഞാറമൂട്ടിൽ വിളിച്ചുചേർത്ത മാദ്ധ്യമ പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം അറിയിച്ചു. 24 മാസമാണ് നിർമ്മാണ കാലാവധി. ഇലക്ട്രിക് ക്രോസിംഗ് പ്രവൃത്തികൾ ഭാഗികമായി പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനായി 15 ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. യൂട്ടിലിറ്റി ഷിഫ്ടിംഗ് ജോലികളും സർവീസ് റോഡിന് അത്യാവശ്യമായ സ്ഥലം കണ്ടെത്തലും ഓവർബ്രിഡ്ജ് നിർമ്മാണത്തോടൊപ്പം സമാന്തരമായി ആരംഭിക്കുമെന്നും ഭാഗികമായ ട്രാഫിക്ക് നിയന്ത്രണ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. കേരള റോഡ് ഫണ്ട് ബോർഡ് മേൽനോട്ടം വഹിക്കും. 28 കോടി രൂപ സിവിൽ വർക്കിനായി മന്ത്രിസഭ അംഗീകരിച്ചു. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ കെ.ആർ.എഫ്.ബി എൻജിനിയർമാർ, ഊരാളുങ്കൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നിർമ്മാണ കാലാവധി - 24 മാസം
നിർമ്മാണച്ചുമതല - ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി
**താത്കാലിക ട്രാഫിക്ക് ക്രമീകരണം ഇങ്ങനെ:
1.കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ അമ്പലമുക്ക് പിരപ്പൻകോട് (ഔട്ടർ റിംഗ് റോഡ് ) വഴി പോകണം. കെ.എസ്.ആർ.ടി.സി വാഹനങ്ങൾ നാഗരുകുഴിയിൽ നിന്ന് തിരിഞ്ഞ് വെഞ്ഞാറമൂട്ടിൽ എത്തി തിരികെ പോകണം. 2.തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങൾ തൈക്കാട് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സമന്വയ നഗർ വഴി പാകിസ്ഥാൻമുക്ക് ജംഗ്ഷൻ വെഞ്ഞാറമൂട് വഴി പോകണം
3.പോത്തൻകോട്ടു നിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങൾ വേളാവൂർ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാകിസ്ഥാൻ മുക്കിലൂടെ പോകണം
4.നെടുമങ്ങാട് – ആറ്റിങ്ങൽ റോഡുവഴിയുള്ള വാഹനങ്ങൾക്ക് നിലവിൽ നിയന്ത്രണമില്ല
5.വെഞ്ഞാറമൂട് ഇന്നർ റോഡ് ഇതിനോടൊപ്പം നവീകരിക്കുന്നതിലൂടെ വെഞ്ഞാറമൂട്ടിലെത്തുന്ന വാഹനങ്ങൾ റിംഗ് റോഡിലൂടെ തിരിച്ചുവിടാൻ സാധിക്കും.