തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ടശേഷം കാർ നിറുത്താതെ പോയി.നന്തൻകോട് നിന്ന് കവടിയാറിലേക്ക് പോകും വഴി ഇംപീരിയൽ ഹോട്ടലിന് മുന്നിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
അപകടത്തിൽ മണ്ണാമ്മൂല ഇടക്കുളം സ്വദേശി സുനിത,വാഹനമോടിച്ചിരുന്ന സഹോദരൻ സുനിൽ എന്നിവർക്ക് പരിക്കേറ്റു.ഇരുവർക്കും മുറിവും ചതവുമുണ്ട്.
സുനിതയുടെ മകൻ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.മകന് ആഹാരവും വസ്ത്രവുമെടുക്കാൻ സഹോദരൻ സുനിലിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിനെ മറികടന്ന് പോകുന്നതിനിടയിൽ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അല്പനേരം നിറുത്തിയിട്ട ശേഷം പെട്ടെന്ന് കാറുമെടുത്ത് ഡ്രൈവർ കടന്നുകളഞ്ഞെന്ന് ദൃക്സാക്ഷികൾ പറയുന്നു.വണ്ടി ഓടിച്ച ആളിനെ തിരിച്ചറിഞ്ഞില്ല.സമീപത്തെ കടയുടെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ ലഭിച്ചു.ഇതിൽ നിന്ന് നെട്ടയം സ്വദേശി സുരേന്ദ്ര ബാബുവിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞു.മ്യൂസിയം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു.ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.പേരൂർക്കട ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പരിക്കേറ്രവർ വീട്ടിലേക്ക് മടങ്ങി.