
വെഞ്ഞാറമൂട്: വാമനപുരത്തിന് സമീപം അമ്പലംമുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികനായ വണ്ടിപ്പെരിയാർ, പെരിയാർ എസ്റ്റേറ്റിൽ മധു(44), കാർ യാത്രക്കാരായ കൊടുവഴന്നൂർ പന്തപ്ലാക്കോണത്ത് വീട്ടിൽ അനന്തു(28), ഭാര്യ അമൃത(28), ശശിധരൻ(69), ജയകുമാരി(55) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ നിന്നും വന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. അപകടസമയത്ത് ഇതുവഴി കടന്നുപോയ മന്ത്രി കെ.എൻ.ബാലഗോപാൽ സംഭവസ്ഥലത്തിറങ്ങി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനുള്ള സഹായങ്ങൾ ചെയ്തു. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ യാത്രികന്റെ നില ഗുരുതരമാണ്.