ശ്രീകാര്യം: വീടിന് മുന്നിലെ അക്രമം ചോദ്യം ചെയ്ത നാലുപേരെ സാമൂഹ്യവിരുദ്ധർ കുത്തി വീഴ്ത്തി. പൗഡിക്കോണം പനങ്ങോട്ടുകോണത്തായിരുന്നു സംഭവം. പനങ്ങോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (40),സഹോദരൻ രതീഷ് (35),രാജേഷിന്റെ മകൾ പ്രിൻസി (19),രാജേഷിന്റെ സുഹൃത്ത് രഞ്ജിത്ത് (35) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പനങ്ങോട്ടുകോണം സ്വദേശികളായ സഞ്ചയ് (21),കത്തിയെടുത്ത് കുത്താൻ പ്രേരിപ്പിച്ച രജിത് (40),പ്രായപൂർത്തിയാകാത്ത കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം.രാജേഷിന്റെ വീടിന് മുന്നിലെ പറമ്പിൽ പ്രതികൾ ഉൾപ്പെട്ട സംഘം സ്ഥിരമായെത്തി സംഘം ചേർന്ന് മദ്യപിക്കുമായിരുന്നു. തുടർന്ന് അമിത മദ്യലഹരിയിൽ പരസ്പരം അസഭ്യം വിളിച്ച് ബഹളംവയ്ക്കും. ചില ദിവസങ്ങളിൽ ഇവർ പരസ്പരം കൈയാങ്കളി വരെയാകും. സഹിക്കെട്ടപ്പോൾ ദിവസങ്ങൾക്ക് മുൻപ് രാജേഷ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ രാജേഷിനെ ആക്രമിക്കാൻ പദ്ധതിയിട്ടു.

ഞായറാഴ്ച രാത്രി 11ന് രാജേഷ്,സഹോദരൻ റെജിയും ഭാര്യയും,മക്കളുമായി പുത്തരിക്കണ്ടം മൈതാനത്തെ സർക്കസ് കണ്ട് തിരികെ രാത്രിയോടെ വീട്ടിലെത്തി. ഈ സമയം മദ്യലഹരിയിലായ പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി,സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

രതീഷിന്റെ നെഞ്ചിൽ ആഞ്ഞിടിച്ച് താഴെ തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചു. ഇതുതടയാൻ ശ്രമിച്ച മറ്റുള്ളവർക്കും മർദ്ദനമേറ്റു. തുടർന്ന് പ്രതികൾ കൈയിൽ കരുതിയ കത്തികൊണ്ട് ഇവരെ കുത്തുകയായിരുന്നു. രാജേഷിന്റെ ഇടതു കൈയിലും രഞ്ജിത്തിന്റെ കാൽമുട്ടിലും രതീഷിന്റെ വലതുകൈയിലും ആഴത്തിൽ കുത്തേറ്റു. അക്രമം തടയാൻ ശ്രമിച്ച രാജേഷിന്റെ മകൾ പ്രിൻസിയെ ഷോൾഡറിൽ പിടിച്ചുവലിച്ച് താഴെയിട്ടാണ് മർദ്ദിച്ചത്. പരിക്കേറ്രവർ ചികിത്സയിലാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.