തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പാളയം ഭാഗത്തു നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ നോർത്ത് ഗേറ്റിന് മുന്നിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
പൊലീസ് രണ്ടുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ ചെറുത്തുനിന്നു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുണ്ടായി. പ്രവർത്തകരിൽ ചിലർ സെക്രട്ടേറിയറ്റ് വളപ്പിൽ കടക്കാൻ ശ്രമിച്ചതോടെ സംഘർഷം കടുത്തു. മതിലിൽ കയറിയ പ്രവർത്തകരെ പൊലീസ് വലിച്ച് താഴെയിറക്കി. തുടർന്ന് സൗത്ത് ഗേറ്റ് ഭാഗത്തേക്ക് പാഞ്ഞ പ്രവർത്തകർക്ക് പിന്നാലെ പൊലീസും മാദ്ധ്യമപ്രവർത്തകരും ഓടി.ഇവിടെയും പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ ആക്രോശവും കൈയാങ്കളിയുമുണ്ടായി.
ഏറെനേരത്തെ ചെറുത്തുനിൽപ്പിനൊടുവിൽ പൊലീസ് വാഹനത്തിനുനേരെ പ്രവർത്തകർ കല്ലെറിഞ്ഞത് സ്ഥിതി വഷളാക്കി. മ്യൂസിയം സി.ഐ സി.വിമലും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ റോഡ് ഉപരോധിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.തുടർന്ന് പൊലീസ് വാഹനം സ്ഥലത്തെത്തി. അറസ്റ്റ് പ്രതിരോധിക്കാനും പ്രവർത്തകർ ഏറെനേരം ശ്രമിച്ചു. കടുത്തബലപ്രയോഗത്തിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയത്. സംഘർഷത്തിനിടെ റോഡിന്റെ ഒരുവരിയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ പൊലീസിന് പണിപ്പെടേണ്ടിവന്നു.
ജില്ലാ പ്രസിഡന്റ് നേമം ഷജീർ,സംസ്ഥാന സെക്രട്ടറി സജിത് മുട്ടപ്പാലം,അഫ്സൽ ബാലരാമപുരം,ആർ.എസ്.വിപിൻ,ഫൈസൽ നന്നാട്ടുക്കാവ്,അജയ് കുര്യാത്തി,ഫെബിൻ.കെ.എച്ച്,റിഷി.എസ്.കൃഷ്ണൻ,ജില്ലാ സെക്രട്ടറിമാരായ ഷബിൻ ഹാഷിം,സജിൻ വെള്ളൂർക്കോണം,ബാഹുൽ കൃഷ്ണ,മുനീർ ബാലരാമപുരം,അജീഷ്‌നാഥ്,ദീനമോൾ,അഖില കുടപ്പനമൂട് തുടങ്ങിയവർ നേതൃത്വം നൽകി.