
ആറ്റിങ്ങൽ: ഗണിതം ലളിതമാക്കി യു.പി വിഭാഗം സംസ്ഥാന അദ്ധ്യാപക അവാർഡ് കരസ്ഥമാക്കി വക്കം പ്രബോധിനി യു.പി.എസ് ഗണിതാദ്ധ്യാപിക എസ്.അജിത. ഗണിതം ലളിതമാക്കാനായി മാത്തമാറ്റിക്കൽ ഡയഗ്നോസിസ് ആൻഡ് റിസർച്ച് സെന്റർ എന്ന പേരിൽ സ്കൂളിൽ ഒരു മുറി സജ്ജീകരിച്ച് കുട്ടികളുടെ ഗണിതപഠനം ലളിതമാക്കി, താത്ക്കാലിക ബാങ്ക് എ.ടി.എം,ക്യാഷ് കൗണ്ടർ, റോബോട്ടുകൾ,ചെക്ക് ലീഫുകൾ,ലാമിനേറ്റഡ് കറൻസികൾ എന്നിവ തയ്യാറാക്കി ബാങ്കിംഗ് ഇടപാടുകൾ കുട്ടികളിലൂടെ നടത്തിപ്പിക്കുകയും തെറ്റുകൾ തിരുത്തിപ്പിക്കുകയും ചെയ്യുക വഴി കുട്ടികളിലെ ഗണിതപഠനം എളുപ്പമാക്കാൻ നടത്തിയ ഇടപെടലുകളാണ് പുരസ്കാരത്തിനർഹയാക്കിയത്. ആറ്റിങ്ങൽ കൊല്ലമ്പുഴ ശ്രീലകത്ത് പരേതനായ റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സദാശിവന്റെയും വക്കം പ്രബോധിനി സ്കൂൾ റിട്ട.അദ്ധ്യാപിക സുഭദ്രയുടെയും മകളാണ്. മുൻ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സി.ജെ. രാജേഷ് കുമാറാണ് ഭർത്താവ്. മക്കൾ: അഭിനന്ദ്,അഭിശന്ദ്.