1

പോത്തൻകോട്: മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നത് 500 രൂപ ചോദിച്ചതിന്റെ പേരിലുണ്ടായ വാക്കുതർക്കത്തെ തുടർന്നെന്ന് പൊലീസ്. തിരുവോണ ദിവസം വീട്ടിൽ മദ്യലഹരിയിലായിരുന്ന പിതാവ് ഉണ്ണിക്കൃഷ്ണനും മകൻ ഉല്ലാസും സംസാരിച്ചിരിക്കെ ഉല്ലാസ് ഉണ്ണിക്കൃഷ്ണനോട് 500 രൂപ കടം ചോദിച്ചു. എന്നാൽ ഉണ്ണിക്കൃഷ്ണൻ പണം നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും ഉല്ലാസ് പിതാവിന്റെ കരണത്തടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഉണ്ണിക്കൃഷ്ണൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഉല്ലാസിന്റെ തോളിൽ കുത്തുകയും തള്ളിമാറ്റുകയുമായിരുന്നു. ഇതേത്തുടർന്ന് ഹാളിലെ ഭിത്തിയിൽ തലയിടിച്ച് വീണ ഉല്ലാസ് രക്തം വാർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ഉണ്ണിക്കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ഉല്ലാസിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.