തിരുവനന്തപുരം: പരിസരവാസികൾക്കും കാൽനട യാത്രക്കാർക്കും അപകടക്കെണിയായ മുട്ടട വയലിക്കട വളവിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ. ഇതുസംബന്ധിച്ച കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചതിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനും ഡ്രൈവർമാരുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കാൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ച അമ്പലംമുക്ക് - പരുത്തിപ്പാറ റോഡിൽ വയലിക്കടയ്ക്ക് സമീപം വാഹനങ്ങൾ കൊടുംവളവ് വെട്ടിത്തിരിച്ച് വീടുകളുടെ ഭിത്തിയും മതിലും തകർക്കുന്നത് സ്ഥിരമായതോടെയാണ് ഇന്നലെ വാർത്ത നൽകിയത്. അമിത വേഗതയിൽ പാഞ്ഞുവരുന്ന വാഹനങ്ങൾ ഇറക്കവും വളവും വരുന്ന ഭാഗത്തെ വീടുകളുടെ മതിലുകളിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഈ ഭാഗത്തെ റോഡിന് വീതിക്കുറവാണ്. റോഡിന് വീതി കൂട്ടുകയെന്നതാണ് ശാശ്വത പരിഹാരം. കുത്തനെയുള്ള ഇറക്കമായതിനാൽ ഹമ്പ് സ്ഥാപിക്കുന്നത് പ്രായോഗികമല്ല.

റമ്പിൾ സ്ട്രിപ്പുകൾ സ്ഥാപിക്കും

നാലിടങ്ങളിൽ രാത്രിയിലും കാണാൻ കഴിയുന്ന വിധം റിഫ്ളക്ടർ സ്റ്റഡ് പിടിപ്പിച്ച റമ്പിൾ സ്ട്രിപ്പുകൾ സ്ഥാപിക്കും.അപകടസാദ്ധ്യത കൂടിയ മേഖലയാണെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കും.വളവിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്​റ്റ് മാ​റ്റിസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി അധികൃതർക്ക് അറിയിപ്പ് നൽകിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്​റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബിജുകുമാർ അറിയിച്ചു.