
കിളിമാനൂർ: വർഷങ്ങൾക്കു മുമ്പ് ഈഞ്ച വളർന്ന് ഒച്ചുകളുടെ വിഹാരകേന്ദ്രമായിരുന്ന പ്രദേശമിന്ന് മനസിൽ കുളിര് നിറയ്ക്കുന്ന ഇടമാണ്. ഹരിതകേരളം മിഷന്റെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ ഒഴിഞ്ഞ പ്രദേശത്ത് നിർമ്മിച്ച ഔഷധ, ഫലവൃക്ഷ ഉദ്യാനമിന്ന് ശ്രദ്ധയാകർഷിക്കുന്ന പച്ചത്തുരുത്താണ്. 2020ൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് നിർമ്മിക്കാൻ ആരംഭിച്ചത്. തുടർന്ന് 80ലധികം ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും നട്ടു. പാടത്താളി, നെല്ലി, കണിക്കൊന്ന, പേര, അണമരം, ജാമ്പ, ബദാം, ചെറി, മാവ്, കാര, സ്റ്റാർ ഫ്രൂട്ട്, കൂവളം, ഞാവൽ, തെങ്ങ്, സ്വർണപത്രി, സർപ്പഗന്ധി, മുളക് നെല്ലി, മുള്ളാത്ത, അശോകം, കൊക്കോ, റമ്പൂട്ടാൻ, കസ്‌തൂരിമഞ്ഞൾ, ഇലഞ്ഞി, പപ്പായ, ഈട്ടി, മുള, ശംഖുപുഷ്പം, പാഷൻഫ്രൂട്ട്, മൈലാഞ്ചി, മഞ്ഞൾ, പറങ്കിമാവ്, ഏഴിലംപാല എന്നിവ ഇതിൽപ്പെടും. ഒപ്പം ജൈവവേലിയും നിർമ്മിച്ചു.
ഡിജിറ്റൽ പഠനത്തിനായി
ഉദ്യാനം തുറക്കും
വെള്ളത്തിന്റെ ദൗർലഭ്യം നേരിട്ടതോടെ തൊഴിലുറപ്പ് പദ്ധതി മുഖേന കിണർ നിർമ്മിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കായിരുന്നു പരിപാലനച്ചുമതല. നിരവധി പക്ഷികളുടെ അഭയകേന്ദ്രം കൂടിയാണിവിടം. വിവിധ ശലഭങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. സസ്യങ്ങളുടെ ലേബലിംഗ് കൂടി പൂർത്തീകരിക്കുന്നതോടെ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിനായി ഉദ്യാനം തുറന്നുനൽകും. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സസ്യങ്ങളുടെ പ്രത്യേകത മനസിലാക്കാനുള്ള സൗകര്യവും ഒരുക്കും.