photo

നെടുമങ്ങാട്: കച്ചേരിനടയിലെ ചരിത്രസാക്ഷിയായ അരയാലിന് സംരക്ഷണമൊരുക്കാൻ മന്ത്രി ജി.ആർ.അനിൽ. നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിച്ച ചുറ്റുവേലിയും സൗന്ദര്യവത്കരണവും മന്ത്രി ഉദ്‌ഘാടനം ചെയ്തു. 'ഐ ലൗ നെടുമങ്ങാട്" എന്ന എൽ.ഇ.ഡി ലൈറ്റും ദീപാലങ്കാരവും ആകർഷകമായി.രാജഭരണ കാലത്ത് മരത്തിന് ചോട്ടിൽ നാട്ടിയ വിളക്കുമരവും അരയാലും പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് സംരക്ഷണ നടപടികളും സൗന്ദര്യവത്കരണവുമായി അധികാരികൾ മുന്നോട്ടുവന്നത്.

നാലുവരിപ്പാത നിർമ്മാണത്തിന്റെ മൂന്നാം റീച്ചിൽപ്പെട്ട ടൗണിൽ സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിൽ മുന്നോട്ടുപോകുമ്പോൾ അരയാൽ സംരക്ഷണത്തിന് നടപടി സ്വീകരിച്ച മന്ത്രി ജി.ആർ അനിലിനെയും നഗരസഭാധികൃതരെയും ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രനും നെടുമങ്ങാട് സാംസ്കാരിക വേദി പ്രസിഡന്റ് വി.ശ്രീകുമാറും അനുമോദിച്ചു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ,ബി.സതീശൻ, വസന്തകുമാരി,എസ്.അജിത,വാർഡ് കൗൺസിലർമാരായ ആദിത്യ,സിന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.