s

ശംഖുംമുഖം: സദാചാര പൊലീസ് ചമഞ്ഞ് കമിതാക്കളിൽ നിന്ന് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. വട്ടിയൂർക്കാവ് സ്വദേശി ആദർശ്, പാപ്പനംകോട് സ്റ്റുഡിയോ റോഡ് സ്വദേശി നിയാസ് എന്നിവരാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 3ന് പുലർച്ചെ 4.30നായിരുന്നു സംഭവം.

കാട്ടാക്കട വിളവൂർക്കൽ സ്വദേശി സിജുവും ഇയാളുടെ സുഹൃത്തായ യുവതിയുമായി, വലിയതുറ ജംഗ്ഷനു സമീപമുള്ള മാതാവിന്റെ കുരിശടിക്ക് മുന്നിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു സംഭവം. അതുവഴി കാറിലെത്തിയ മൂന്നംഗ സംഘം ഇവരെ ചോദ്യം ചെയ്ത് ഉപദ്രവിച്ചു. തുടർന്ന് ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും 48,000 രൂപയും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു.

മർദ്ദനത്തിൽ പരിക്കേറ്റ സിജു വലിയതുറ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ ആദർശ് എം.ഡി.എം.എ കൈവശം വച്ചതുൾപ്പെടെ നിരവധി കേസുകളിൽ ജയിലിലായിട്ടുണ്ട്. നിയാസ് കൊലപാതക്കേസിലും പ്രതിയാണ്.

ഇരുവർക്കുമെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. രാത്രികാലങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് പിടിച്ചുപറി. നാണകേട് കാരണം പലരും ഇത്തരം സംഭവങ്ങൾ പുറത്തുപറയാറില്ല.സംഭവത്തിലുണ്ടായിരുന്ന മൂന്നാമനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.