തിരുവനന്തപുരം : ഹോംസ്റ്റേ തട്ടിപ്പിൽപെട്ട് പണം നഷ്ടപ്പെട്ട കുടുംബത്തിന് ആശ്വാസമായി പൊലീസ്. മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് തമ്പാനൂർ പൊലീസാണ് പണം തിരികെ വാങ്ങി നൽകി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്. ഹോംസ്‌റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാത്ത നെടുമങ്ങാട് സ്വദേശി നസീറ ബീവിയുടെ പരാതിയിലാണ് നടപടി. ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള കെട്ടിടത്തിൽ ഹോംസ്റ്റേ നടത്തുന്നതിനായി യുവാവുമായി നസീറ കഴിഞ്ഞ ജൂലായ് 10ന് കരാറിലേർപ്പെട്ടിരുന്നു. ഇതിനായി 5 ലക്ഷം രൂപ അഡ്വാൻസും നൽകി. എന്നാൽ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാനോ വെള്ളത്തിനും വൈദ്യുതിക്കും യഥാസമയം പണമടയ്ക്കാനോ യുവാവ് തയ്യാറായില്ല. ഇതോടെ അഡ്വാൻസ് തുക തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകാതായതോടെ മന്ത്രിയുടെ വീട്ടിലെത്തി നസീറ ബീവി പരാതി നൽകി. തുടർന്ന് മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ ഐ.ബി.സതീഷ് എം.എൽ.എ എന്നിവർ കാര്യങ്ങൾ ചോദിച്ചറിയുകയും പണം തിരികെ വാങ്ങി നൽകി പ്രശ്നം പരിഹരിക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു.