തിരുവനന്തപുരം: ഓണം വാരാഘോഷം കഴിഞ്ഞയുടൻ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ അതിവേഗം നഗരം ക്ളീനാക്കി.നഗരസഭയിലെ 3204 ശുചീകരണ തൊഴിലാളികൾ ഇന്നലെ രാത്രി 10.30 മുതലാണ് നഗരം ശുചിയാക്കാനിറങ്ങിയത്.മന്ത്രി പി.എ.മുഹമ്മദ് റിയാസ് ശുചീകരണത്തിന് തുടക്കം കുറിച്ചു.മേയർ ആര്യാ രാജേന്ദ്രനും മറ്റു ജനപ്രതിനിധികളും ഒപ്പം കൂടി.
കനകക്കുന്നും,​നിശാഗന്ധിയും പരിസര പ്രദേശങ്ങളുമെല്ലാം മണിക്കൂറുകൾക്കകം വൃത്തിയാക്കി.ഘോഷയാത്ര കടന്നുപോയ പ്രധാന വീഥികളെല്ലാം വൃത്തിയാക്കി.പുലർച്ചെ വരെ ഒരു മടിയും കൂടാതെ ഇവർ ജോലി ചെയ്താണ് നഗരം ക്ളീനാക്കിയത്.മന്ത്രി എം.ബിരാജേഷ്‌ രണ്ടുമണിക്കൂറിലധികം തൊഴിലാളികൾക്കൊപ്പം മാലിന്യ നീക്കത്തിന് നേതൃത്വം വഹിച്ചു.

കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രത്യേകമായാണ് തൊഴിലാളികൾ ശേഖരിച്ചത്.കുപ്പികളെടുക്കാനുള്ള പ്രത്യേക ഉപകരണമടക്കം തൊഴിലാളികൾക്ക് നൽകിയിരുന്നു.നൂറിലധികം ടൺ മാലിന്യമാണ് നഗരസഭ മണിക്കൂറുകൾക്കകം ശേഖരിച്ചത്.ഇതിൽ പ്ളാസ്റ്രിക്ക് മാലിന്യം മാറ്റി ബാക്കിയുള്ള ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ചു.ടിപ്പർ ഉൾപ്പെടെ വിവിധ വാഹനങ്ങളിലാണ് മാലിന്യം നീക്കിയത്.

പ്ളാസ്റ്റിക്ക് മാലിന്യംവേർതിരിക്കും

ശേഖരിച്ച മാലിന്യത്തിൽ നിന്ന് പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ വേർതിരിച്ചെടുത്തു. ഇത് ക്ളീൻ കേരള കമ്പനിക്ക് നൽകും.ഇതുവഴി ഹരിതകർമ്മ സേനയ്ക്ക് വരുമാനമാകും.