koovalassery

മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലുൾപ്പെട്ട കൂവളശ്ശേരി ശ്രീ മഹാദേവർ ക്ഷേത്ര റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ കഴിഞ്ഞു. പഞ്ചായത്തിലെ ഓഫീസ് വാർഡ്, മണ്ണടിക്കോണം വാർഡ്, കൂവളശ്ശേരി വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡാണ് ജനപ്രതിനിധികളുടെ അനാസ്ഥയിൽ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. റോഡ് തകർന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ വീണ് അപകടത്തിലാകുന്നത് പതിവാണ്.

റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും സാദ്ധ്യമല്ലാത്ത നിലയിലാണ്. കാട്ടാക്കട-നെയ്യാറ്റിൻകര പ്രധാന റോഡിലെത്താനുള്ള ഏകമാർഗമാണ് കൂവളശ്ശേരി ക്ഷേത്രറോഡ്. സ്കൂൾ ബസുകൾ,കാർ,മിനി ലോറി തുടങ്ങി നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. നിരവധി കുടുംബങ്ങളാണ് ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പ്രദേശവാസികളും നിരവധി തവണ ജനപ്രതിനിധികളെയും പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് അവരിൽ നിന്ന് ലഭിക്കുന്നത്.

പൂർണരീതിയിൽ നവീകരണം നടന്നിട്ട് 38 വർഷം

അറ്റകുറ്റപ്പണികൾ പലവട്ടം നടന്നെങ്കിലും ഈ റോഡ് പൂർണമായി നവീകരിച്ചിട്ട് 38 വർഷത്തിലേറെയായി. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഈ റോഡിന്റെ അറ്റകുറ്റപ്പണി പലവട്ടം ചെയ്തെങ്കിലും ഭൂരിഭാഗവും വൻ കുഴികളാണ്. ചെമ്പേരി, നവോദയ ലൈനിലൂടെ മാറനല്ലൂർ -ആര്യംകോട് പുന്നാവൂരിൽ ചേരുന്നതാണ് കൂവളശ്ശേരി ക്ഷേത്രറോഡ്. ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിത്യേന ഇതുവഴി കടന്നു പോകുന്നതിനാൽ റോഡിന്റെ ശോചനീയാവസ്ഥ വർദ്ധിച്ചിട്ടുണ്ട്. കൂവളശ്ശേരി ശ്രീമഹാദേവർ ക്ഷേത്രത്തിലെത്തുന്നവരും റോഡിന്റെ തകർച്ചയിൽ ബുദ്ധിമുട്ടുകയാണ്. തകർന്ന ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.