
വിതുര: വ്യാജ മാലമോഷണക്കേസിൽ കുടുക്കി പേരൂർക്കട പൊലീസ് പീഡിപ്പിച്ച വീട്ടുജോലിക്കാരിയായ ദളിത് യുവതി നെടുമങ്ങാട് പനയമുട്ടം സ്വദേശി ആർ. ബിന്ദുവിന് സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എം.ജി.എം ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്. ബിന്ദുവിന് വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എം.ജി.എം സ്കൂൾ ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ അറിയിച്ചു.
എം.ജി.എം ഗ്രൂപ്പ്സ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ആർ.സുനിൽകുമാർ, വിതുര എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ, മാനേജർ അഡ്വ.എൽ.ബീന എന്നിവർ ബിന്ദുവിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യമറിയിച്ചത്. ബിന്ദുവിന്റെ രണ്ട് പെൺമക്കൾക്ക് പഠനസഹായവും വാഗ്ദാനം ചെയ്തു. അലമാരയും നൽകി. പേരൂർക്കട സ്റ്റേഷനിൽ ഒരു രാത്രി നേരിട്ട ദുരിതങ്ങൾ ബിന്ദു വിശദീകരിച്ചു. തിങ്കളാഴ്ച മുതൽ ബിന്ദു സ്കൂളിലെ ജോലിയിൽ പ്രവേശിക്കും.
അമ്പലമുക്കിലുള്ള ഓമന ഡാനിയേലിന്റെപരാതിയിലാണ്
ബിന്ദുവിനെ വ്യാജ മാലമോഷണക്കേസിൽ കുടുക്കിയത്. സംഭവശേഷം ബിന്ദുവിന് വീട്ടുജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. ബിന്ദുവിന്റെ അവസ്ഥ ഇന്നലെ കേരളകൗമുദിയടക്കം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് എം.ജി.എം ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തത്.