കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവ് വികസനത്തിനായി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ അനുവദിച്ചു. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് ഭാഗത്ത് ബോട്ടുജെട്ടി നിർമ്മാണം, കുട്ടികൾക്കായുള്ള പാർക്ക്, വിശ്രമകേന്ദ്രം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, ശൗചാലയം, സൗന്ദര്യവത്കരണം, റോഡ് പുനഃരുദ്ധാരണം, വെൽനെസ് സെന്റർ, പാലത്തിന്റെ തൂണുകളിൽ ചുമർച്ചിത്രം,കായലിന് സമാന്തരമായി കമ്പിവേലി, കായൽ സൗന്ദര്യം വീക്ഷിക്കുന്നതിനായി കൽബെഞ്ചുകൾ തുടങ്ങിയ പദ്ധതികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. മീരാൻകടവ് പാലത്തിന് സമീപമുള്ള പ്രദേശത്ത് രാത്രികാലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഈ പ്രദേശം തെരുവ് നായ്ക്കളുടെ കേന്ദ്രമായും മാറിയിരുന്നു. കാൽനട യാത്രക്കാർ ഉൾപ്പെടെ ഇതുവഴി സഞ്ചരിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ വിഷയങ്ങൾ പഞ്ചായത്ത് ഭരണസമിതി എം.എൽ.എ വി.ശശിയെ അറിയിച്ചതിനെ തുടർന്നാണ് ചിറയിൻകീഴ് മണ്ഡലത്തിൽ നടപ്പാക്കുന്ന വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.