തിരുവനന്തപുരം: സംസ്ഥാന നാഷണൽ സർവീസ് സ്കീം സെല്ലിനെ ദിശാബോധത്തോടെ നയിച്ച മികച്ച കോഓ‌ർഡിനേറ്ററായിരുന്നു ഡോ.ആർ.എൻ.അൻസറെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. എൻ.എസ്.എസ് എന്ന വിദ്യാർത്ഥി സംഘടന മുഖേന ജീവകാരുണ്യപരമായും മനുഷ്യത്വപരവുമായ പ്രവർത്തനങ്ങളിലൂടെ നിരവധി ലോക റെക്കോഡുകൾ അദ്ദേഹത്തിന്റെ കാലത്ത് ലഭിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ ഡോ.ആർ.എൻ.അൻസർ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കേ ആശുപത്രിയിൽ നിന്ന് ഓൺലൈനിലൂടെയാണ് മന്ത്രി ബിന്ദു മുഖ്യപ്രഭാഷണം നടത്തിയത്.

ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. ആന്റണി രാജു എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ എസ്.നസീബ്, ടി.ആർ.മനോജ്, കെ.റഹീം, അക്കാഡ‌മിക് കൗൺസിൽ അംഗം ഡോ.രാജീവ് കുമാർ.എ.ഡി, സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.ഡി.ദേവിപ്രിയ, ഡോ.എസ്.ഷാജിത, ഡോ.എം.അരുൺ തുടങ്ങിയവർ സംസാരിച്ചു.