
തിരുവനന്തപുരം: ആനയറ ഊളംകുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന നഗരസഭയുടെ കടമുറികൾ മാലിന്യനിക്ഷേപ കേന്ദ്രമായിട്ട് നാളുകളേറെയായി.10 കടമുറികളും അതിനോട് ചേർന്ന് മാർക്കറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഹരിതകർമ്മ സേനയിലെ ജീവനക്കാർ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ,കടകൾക്ക് പുറത്താണ് രണ്ടുവർഷത്തോളമായി നിക്ഷേപിക്കുന്നത്.കടകൾക്ക് സമീപം പ്രവർത്തിക്കുന്ന മാർക്കറ്റിലെ കച്ചവടം പലപ്പോഴും വൃത്തിഹീനമായ മാലിന്യക്കൂമ്പാരത്തിന് സമീപത്തായാണ്. ഇത് പ്രദേശവാസികളിൽ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. മൂന്നുവർഷമായി ഈ കടമുറികൾ അടഞ്ഞുകിടക്കുകയാണ്.
പ്രായമായവരും കുട്ടികളുമുൾപ്പെടെ താമസിക്കുന്ന നിരവധി വീടുകളാണ് സമീപത്തുള്ളത്. മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനാവില്ല. മഴ പെയ്യുമ്പോൾ ഈ മാലിന്യങ്ങൾ ഒഴുകി തൊട്ടടുത്തുള്ള വീടുകളിലെത്തും. ചെറുപ്രാണികളുടെയും ഇഴജന്തുക്കളുടെയും ശല്യവും കൂടും. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളും പ്രദേശത്ത് ഭീതി പരത്തുകയാണ്.രാത്രികാലങ്ങളിൽ ഇവ പ്രദേശവാസികളെ ആക്രമിക്കാറുണ്ടെന്ന് പരാതിയുണ്ട്. പലവട്ടം പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.