
തിരുവനന്തപുരം: കണ്ണൂർ,തിരുവനന്തപുരം ജില്ലകളിലെ 20 വെബ്കോ ഷോപ്പുകളിൽ ഇന്നലെ മുതൽ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കിയതിനൊപ്പം കാലിക്കുപ്പി തിരിച്ചെത്തിക്കുമ്പോൾ 20 രൂപ തിരിച്ചു നൽകുന്നതും നടപ്പിലാക്കിത്തുടങ്ങി. ഇന്നലെ വൈകിട്ടായപ്പോഴേക്കും പദ്ധതി നടപ്പിലായ മിക്ക ഷോപ്പുകളിലും നൂറിലേറെ കുപ്പികൾ തിരിച്ചെത്തി. സി ഡിറ്റ് തയ്യാറാക്കിയ ലേബൽ കുപ്പികളിലുണ്ടാകും. ആ ലേബൽ നോക്കിയാണ് കുപ്പിശേഖരിക്കുന്നത്. മദ്യം വാങ്ങുമ്പോൾ 20 രൂപ വാങ്ങുന്നതിന് പ്രത്യേകം രസീത് നൽകും. പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിച്ചാൽ പണം തിരികെ ലഭിക്കും. കുപ്പി തിരിച്ചെടുക്കണമെങ്കിൽ ലേബൽ നിർബന്ധമാണ്. ആദ്യഘട്ടത്തിൽ പ്രത്യേകമായിട്ടാണ് 20 രൂപ ഈടാക്കുന്നത്. മദ്യവില്പനശാലകളിൽ പ്രത്യേക ബക്കറ്റ് വച്ചിട്ട് അതിലേക്കാണ് തിരിച്ചെത്തുന്ന ബോട്ടിലുകൾ ജീവനക്കാർ നിക്ഷേപിക്കുന്നത്. കുപ്പികൾ ഒരുമിച്ച് കൊണ്ടുവന്നാലും സ്വീകരിച്ച് പണം നൽകും. പണമടച്ച രസീത് നിർബന്ധമല്ല. ജനുവരിയിൽ പദ്ധതി സംസ്ഥാന വ്യാപകമാക്കുമ്പോൾ ഒറ്റ ബില്ലായി മാറും.
കുപ്പികളിൽ നിലവിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് അടിസ്ഥാനമാക്കി ഒഴിഞ്ഞ കുപ്പികൾ തിരിച്ചെടുക്കുന്നതിനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കുപ്പികളിൽ പ്രത്യേക ലേബൽ പതിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും.
ജോലിഭാരം കൂടി
പ്ലാസ്റ്റിക് കുപ്പിശേഖരണം കൂടി വന്നതോടെ ജോലിഭാരം കൂടിയെന്ന് വെബ്കോ ജീവനക്കാർ പറഞ്ഞു.
കുപ്പികൾ ശേഖരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ ഷോപ്പുകളിൽ നിയോഗിക്കുമെന്ന് ബെവ്കോ എം.ഡി അറിയിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. കുടുംബശ്രീയുമായി ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
പദ്ധതി നടപ്പിലാക്കിയ ഷോപ്പുകൾ
1. തിരുവനന്തപുരം: പവർഹൗസ് റോഡ്, മുക്കോല, ഗൗരീശപട്ടം, നെട്ടയം മുക്കോല, അമ്പലമുക്ക്, മുട്ടത്തറ, മണ്ണന്തല (പ്ലാമൂട്), ഉള്ളൂർ, കഴക്കൂട്ടം (കരിക്കകം).
2. കണ്ണൂർ: ചിറക്കുന്നി, കൂത്തുപറമ്പ, പനപുഴ, പറക്കണ്ടി, കേളകം, കിഴുതല, കണ്ണൂർ താന, ചക്കരയ്ക്കൽ, പയ്യന്നൂർ, പാടിക്കുന്ന്.