തിരുവനന്തപുരം: ഓണാഘോഷവേളയിൽ കനകക്കുന്നിലും പരിസരത്തും മാലിന്യം വലിച്ചെറിഞ്ഞ പൊതുജനങ്ങളുടെ പൗരബോധത്തെ മന്ത്രി എം.ബി.രാജേഷ് വിമർശിച്ചു.ഇങ്ങനെ പോയാൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനുള്ള പിഴത്തുക ഉയർത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഓണാഘോഷ സമാപനത്തിനുശേഷം മന്ത്രിയും കോർപറേഷനിലെ ശുചീകരണ തൊഴിലാളികളും ചേർന്നു മുഴുവൻ മാലിന്യവും ശേഖരിച്ചിരുന്നു. മാലിന്യങ്ങൾ ഇടാൻ കനകക്കുന്നിലും പരിസരത്തും എല്ലാ സൗകര്യവും ചെയ്തിട്ടും വെള്ളക്കുപ്പികൾ ഉൾപ്പെടെ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലായിരുന്നുവെന്നു രാജേഷ് മാദ്ധ്യമങ്ങളോടു പറഞ്ഞു. താൻ ഉൾപ്പെടെ ശുചീകരണത്തിന് ഇറങ്ങിയിട്ടും ആളുകൾ നിസംഗരായി നോക്കിനിന്നു. ആരും ശേഖരണത്തിന് ഒപ്പം കൂടിയില്ല. കുറെപ്പേർ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. മാലിന്യം എറിയാൻ നമ്മൾ, വൃത്തിയാക്കൽ നിങ്ങളുടെ ഉത്തരവാദിത്വമെന്നാണ് ജനങ്ങളുടെ ധാരണ. ഇങ്ങനെ ചെയ്യുന്ന ആളുകളാണ് വൃത്തിയുടെ കാര്യത്തിൽ ദുബായിലേക്കു നോക്കൂ, സംഗപ്പൂരിലേക്കു നോക്കൂ എന്ന് സമൂഹമാധ്യമങ്ങളിൽ എഴുതുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.