1

കുളത്തൂർ: കുളത്തൂർ കോലത്തുകര ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ അപകടാവസ്ഥയിൽ നിന്നിരുന്ന കൂറ്റൻ പുളി മരത്തിന്റെ ഒരു ഭാഗം ഒടിഞ്ഞുവീണു. സ്കൂൾ വിടാൻ അരമണിക്കൂറുള്ളപ്പോഴാണ്,വൻ ശിഖരം സമീപത്തെ പ്രധാന വൈദ്യുത ലെെനുകൾക്ക് മീതെ വീണത്. ആ സമയം ഇതുവഴി ആരും വരാത്തതിനാലും,കുട്ടികൾ ക്ലാസിലായിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.

അപകടത്തിൽ രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുതൂങ്ങി.ഇതോടെ പ്രദേശത്തെ വൈദ്യുതബന്ധം താറുമാറായി.അപകടമുണ്ടാകുമ്പോൾ പ്രധാന ലൈനുകൾ സ്വയം ട്രിപ്പാകുമെങ്കിലും ഇവിടെ അത് സംഭവിച്ചില്ല. തുടർന്ന് നാട്ടുകാരും സ്കൂൾ അധികൃതരും സംഭവസ്ഥലത്തെത്തി മുൻകരുതലുകൾ സ്വീകരിച്ച്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഇവർ ട്രാൻസ്ഫോർമർ ഓഫാക്കിയാണ് വൈദ്യുതബന്ധം വിച്ഛേദിച്ചത്.

സ്ഥലത്തെത്തിയ കഴക്കൂട്ടം ഫയർഫോഴ്സ് സംഘം മരത്തിന്റെ ഒടിഞ്ഞ ഭാഗം മുറിച്ചുമാറ്റി ഭാഗികമായി ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.തുടർന്ന് കൂടുതൽ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ഒടിഞ്ഞ വെെദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.

കുളത്തൂർ - കിവിട്ടുവിളാകം റോഡിലും കോലത്തുകര ക്ഷേത്ര കോമ്പൗണ്ടിലുമാണ് മരത്തിന്റെ ഭാഗം പതിച്ചത്. എഴുപത് വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ പുളിമരത്തിന്റെ പല കൊമ്പുകളും ഇത്തരത്തിൽ ജീർണാവസ്ഥയിൽ അപകടകരമായി നിൽപ്പുണ്ട്.പണികൾ പൂർത്തിയാക്കി രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ജീവനക്കാർ പറഞ്ഞു.