
വിതുര: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമീപവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ച് വിതുര ഗവ. വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ കഴിഞ്ഞവർഷം നടപ്പിലാക്കിയ പദ്ധതിയായിരുന്നു ബക്കരി ബാങ്ക്. അർഹരായ കുടുംബങ്ങൾക്ക് പെണ്ണാടിൻ കുട്ടികളെ വിതരണം ചെയ്ത് അവയ്ക്കുണ്ടാകുന്ന ആദ്യപെൺ ആട്ടിൻകുട്ടിയെ സ്കൂളിന് തിരിച്ചേൽപ്പിക്കുന്നതായിരുന്നു പദ്ധതി. കഴിഞ്ഞവർഷം വിതരണംചെയ്ത ആടിന്റെ കുട്ടിയെ അർഹരായ മറ്റൊരു കുടുംബത്തിന് നൽകിക്കൊണ്ടാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.ബക്കരി ബാങ്കിന്റെ നാലാമത് ബ്രാഞ്ച് ഡിസംബറിൽ തുറക്കുമെന്ന് വോളന്റിയർമാർ പറഞ്ഞു.
കുഞ്ഞാടിനെ തിരികെ ഏൽപ്പിച്ച കഴിഞ്ഞവർഷത്തെ ഗുണഭോക്താവും ഒപ്പം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരിയും ചേർന്ന് പുതിയ ഗുണഭോക്താവിന് ആടിനെ സമ്മാനിച്ചു. പ്രിൻസിപ്പൽമാരായ മഞ്ജുഷ.എ.ആർ, ഷാജി.എം.ജെ,പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ,എസ്.എം.സി ചെയർമാൻ എ.സുരേന്ദ്രൻ,വൈസ് പ്രിൻസിപ്പൽ ഷീജ.വി.എസ്, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ മാത്തൻ ജോർജ്,പ്രോഗ്രാംഓഫീസർ അരുൺ.വി.പി, എം.എൻ.ഷാഫി,നിജിലാൽ രാജ്, ശ്രീവിദ്യ.ജെ, അഞ്ജന.ജി.ആർ എന്നിവർ പങ്കെടുത്തു.