s

തിരുവനന്തപുരം: യു.എസ്.ടിയിലെ ടെക്കികൾ തയാറാക്കിയ ഹ്രസ്വചിത്രം 'മണവാളൻ ഇൻ ട്രബിൾ' സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ഒരുമാസത്തിനകം യൂട്യൂബിൽ രണ്ടുലക്ഷത്തിലേറെ പേരാണ് ചിത്രം കണ്ടത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ജീവനക്കാർ തന്നെയാണ് പങ്കാളികളായത്.

'ഒരു യുവ സംവിധായകന്റെ വിവാഹത്തിന് സൂപ്പർസ്റ്റാർ പ്രിഥ്വിരാജ് പങ്കെടുക്കുമെന്നുള്ള അറിയിപ്പും, അതിനെത്തുടർന്ന് നാട്ടിലുണ്ടാകുന്ന കോലാഹലങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

യു.എസ്.ടിയിലെ നെറ്റ്‌വർക്ക് എൻജിനിയറായ അഭിനന്ദിന്റെ മനസിൽ എൻജിനിയറിംഗ് പഠനകാലത്ത് രൂപപ്പെട്ട ചെറിയൊരു ആശയമാണ്, 100ഓളം ജീവനക്കാരെ കോർത്തിണക്കിയ ആവിഷ്കാരത്തിലേക്ക് നയിച്ചത്. കഥയും തിരക്കഥയും എഡിറ്റിംഗും നിർവഹിച്ചത് അഭിനന്ദ് തന്നെ. രണ്ടുവർഷം മുൻപ് ജീവനക്കാരെ ഉൾക്കൊള്ളിച്ച് 'ബ്ലോക്ക്ബസ്റ്റർ ഡേയ്സ്' എന്ന പേരിലൊരു ഹ്രസ്വചിത്രം അഭിനന്ദ് ഒരുക്കിയിരുന്നു. അതിന്റെ വിജയമാണ് എഡിറ്റിംഗിലും പ്രൊഡക്ഷനിലും സിനിമയോട് കിടപിടിക്കുന്ന മണവാളൻ ഇൻ ട്രബിളിന്റെ ചിത്രീകരണത്തിലേക്ക് നയിച്ചത്.

ഡ്യൂട്ടിക്കുശേഷം സായാഹ്നങ്ങളിലായിരുന്നു പരിശീലനം.പെരുമാതുറയിലും പുഞ്ചക്കരിയിലുമായാണ് കല്യാണവീടിന്റെ ഷൂട്ടിംഗ് നടന്നത്. നാലുദിവസം കൊണ്ടിത് പൂർത്തിയായി. എഡിറ്റിംഗിനും പൊഡക്ഷനും ആറുമാസമെടുത്തു. 36 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം.

കൈരളി,ശ്രീ,നിള തിയേറ്ററുകളിലെ പ്രിവ്യു ഷോകളും ശ്രദ്ധിക്കപ്പെട്ടു. ദ്രോണ ജിതേന്ദ്രനാഥ്,നവ്യ നായർ,സന്തോഷ് തുളസീധരൻ,സിദ്ദിഖ് മുഖമ്മദ്,ഐറിൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ടെക്കി ടച്ച്

സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ചിത്രത്തിൽ നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിച്ചുവെന്ന് അഭിനന്ദ് കേരളകൗമുദിയോട് പറഞ്ഞു. യു.എസ്.ടിയിലെ ഉന്നത ഉദ്യോഗസ്ഥരും നിർമ്മാണത്തിലടക്കം പിന്തുണച്ചു. ബിറ്റ്സ്ട്രീം പിക്ചേഴ്സ് ആൻഡ് സോണിസീ വിഷൻ,സാർവ കമ്മ്യൂണിറ്റി ഫാർമസി എന്നിവർ നിർമ്മാണത്തിൽ പങ്കാളികളായി.

ബ്ലോക്ക് ബസ്റ്റർ ഡേയ്സ് എന്ന ആദ്യ ഹ്രസ്വചിത്രം വിപുലപ്പെടുത്താൻ ലക്ഷ്യമുണ്ടെന്നും അഭിനന്ദ് പറഞ്ഞു.