kakkoos-malinyam

കല്ലമ്പലം: നാവായിക്കുളത്ത് മാലിന്യം തള്ളൽ വ്യാപകമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി വ്യാപകം. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 30ഓളം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ രാത്രിയുടെ മറവിൽ കൊണ്ടുതള്ളിയത്. പഞ്ചായത്തിലെ 6,13,19 വാർഡുകളിൽ ഉൾപ്പെടുന്ന മങ്ങാട്ടുവാക്കൽ പെട്രോൾ പമ്പിന് സമീപമുള്ള തോട്ടിലും റോഡിന്റെ വശങ്ങളിലും മാലിന്യ ജലവും കക്കൂസ് മാലിന്യവും വ്യാപകമായി ഒഴുക്കിയിട്ടും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളിലായാണ് മാലിന്യങ്ങൾ ഒഴുക്കുന്നത്.വാർഡ് മെമ്പർ നാവായിക്കുളം അശോകനും പരിസരവാസികളും നിരവധി തവണ കല്ലമ്പലം പൊലീസ്, പഞ്ചായത്ത് ഓഫീസ്, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും മറ്റ് ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.

അസുഖങ്ങൾ ഒഴിയുന്നില്ല

ദുർഗന്ധം മൂലം ഇതുവഴി നടന്നുപോകാനും വളരെ ബുദ്ധിമുട്ടാണ്. നിരന്തരമായി മാലിന്യങ്ങൾ ഒഴുക്കുന്നതിനാൽ ഇവിടം കുഴിയായി മാറിയിട്ടുണ്ട്. ഈ മാലിന്യം തോട്ടിൽ കൂടി ഒഴുകി കുഴിനെല്ലർ, ഓരനെല്ലൂർ, കുണ്ടുമൻകാവ് വഴി അയിരൂർ പുഴയിലാണെത്തുന്നത്. ഈ ഭാഗങ്ങളിൽ കന്നുകാലികളെ കുളിപ്പിക്കുന്നവർക്കും തുണി കഴുകുന്നവർക്കും മറ്റും മാരകമായ അസുഖങ്ങളുണ്ടാകാൻ സാദ്ധ്യതയേറെയാണ്‌. നിലവിൽ നിരവധിപേർ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലാണ്.