
ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ ട്രാഫിക്ക് പരിഷ്ക്കാരങ്ങളും പാലസ് റോഡിലെ വൺവേ സംവിധാനവും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി ബോർഡ് ഈ വർഷം രണ്ടുതവണ യോഗം ചേർന്നെങ്കിലും തീരുമാനിച്ച നിർദ്ദേശങ്ങളൊന്നും തന്നെയും ഇനിയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ജൂലായ് 5ന് ചേർന്ന യോഗം 19 മുതൽ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ യാതൊരുവിധ നടപടികളും ബന്ധപ്പെട്ടവർ സ്വീകരിച്ചിരുന്നില്ല. രാവിലെ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പാലസ് റോഡ് തിരിയുന്നിടത്ത് സ്വകാര്യ ബസ് തടഞ്ഞുകൊണ്ട് ബി.ജെ.പി പ്രക്ഷോഭമാരംഭിച്ചു. തുടർന്ന് ബി.ജെ.പി പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. നിയമം ലംഘിച്ച് പാലസ് റോഡ് വഴി സർവീസ് നടത്തിയ സ്വകാര്യ ബസിന് പൊലീസ് പിഴ ചുമത്തുകയും പാലസ്റോഡ് വൺവേ ആക്കണമെന്ന സമരക്കാരുടെ ആവശ്യം പരിഗണിച്ചതോടെ സമരം പിൻവലിക്കുകയുമായിരുന്നു. ആറ്റിങ്ങൽ സന്തോഷ്,ബൈജു,ജീവൻ ലാൽ,അജിത് പ്രസാദ്,വക്കം അജിത് തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.