
വിഴിഞ്ഞം: ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ ശാക്തീകരണവും സുസ്ഥിരവികസനവും ലക്ഷ്യമാക്കി കെ.എ.യു-ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ലിങ്കേജ് പദ്ധതി കാർഷിക സർവകലാശാല നടപ്പിലാക്കും.വെള്ളായണി കാർഷിക കോളേജിൽ ദക്ഷിണമേഖലാശില്പശാല കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു.ഫാർമർ പ്രൊഡ്യൂസർ സംഘങ്ങളുടെ സുസ്ഥിര വളർച്ചയെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ എൻ.സി.ഡി.സി.ചീഫ് ഡയറക്ടർ ശ്രീധരൻ.കെ.എൻ,എഫ്.പി.ഒ. ലിങ്കേജ് പദ്ധതിയെക്കുറിച്ച് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.ബിനു.പി.ബോണി,കെ-അഗ്‌ടെക് ലോഞ്ച്‌പാഡ് വഴി സാങ്കേതിക സഹായവും സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളും എന്നതിനെക്കുറിച്ച് പദ്ധതി കോർഡിനേറ്റർ ഡോ.അലൻ തോമസ്,ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ ശാക്തീകരണത്തിനായുള്ള എസ്.എഫ്.എ.സി.യുടെ ഇടപെടലുകളെക്കുറിച്ച് എസ്.എഫ്.എ.സി പ്രോജക്ട് മാനേജർ ഡോ.രേഷ്മ ജെ.മുരുകൻ എന്നിവർ സംസാരിച്ചു.
നബാർഡ് മാനേജർ കിരൺ ഫാർമർ പ്രൊഡ്യൂസർ സംഘങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കായി ബാങ്കിംഗ് സംവിധാനങ്ങളും സർക്കാർ പദ്ധതികളും എന്ന വിഷയം അവതരിപ്പിച്ചു.നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഡി.പി.ആർ തയ്യാറാക്കൽ ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ കേരളത്തിലുള്ള എല്ലാ ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പ്രോജക്ട് കോഓർഡിനേറ്റർ ഡോ.ബിനു പി.ബോണി പറഞ്ഞു.