general

ബാലരാമപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന 117.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുടവൂർപ്പാറ മുതൽ നരുവാമൂട് വരെ 8.67കോടി രൂപയുടെ നിർമ്മാണജോലികൾ ഏകദേശം പൂർത്തിയായെങ്കിലും വെല്ലുവിളികളേറെയെന്ന് നാട്ടുകാർ. കാട്ടാക്കട നിയോജക മണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്ത് പരിധിയിലെ മുടവൂർപ്പാറ- താന്നിമൂട് മുക്കമ്പാലമൂട്-നരുവാമൂട്-വലിയറത്തല റോഡിന്റെയും ബാലരാമപുരം പഞ്ചായത്ത് റസൽപുരം വാർഡിൽ ഉൾപ്പെടുന്ന എരുത്താവൂർ-ചാനൽപ്പാലം -റസൽപുരം റോഡിന്റെയും ആദ്യഘട്ട ടാറിംഗ് കഴിഞ്ഞ ഡിസംബറിലും തുടർന്ന് രണ്ടാംഘട്ട ടാറിംഗും പൂർത്തീകരിച്ചിരുന്നു. എന്നാൽ ചാനൽപ്പാലം-റസൽപുരം റോഡിൽ സൈഡ് വാളോ ഇരുമ്പ് വേലിയോ സ്ഥാപിച്ച് സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് എത്തിയിരിക്കുകയാണ്.

റോഡ് ടാറിംഗ് പൂർത്തിയായതോടെ അമിത വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നിരവധി വഴിയാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും ഇതുവഴി കടന്നുപോകുന്നുണ്ട്. മിന്നൽ വേഗത്തിലാണ് ബൈക്കുകൾ ചീറിപ്പായുന്നത്.

ഇരുമ്പ് വേലി സ്ഥാപിക്കണം

ചാനൽപ്പാലം മുതൽ റസൽപുരം വരെ 520 മീറ്ററോളം റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് പാകി കൂടുതൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ജോലികൾ നടന്നുവരികയാണ്. സിമന്റ് ഗേഡൗണിന് സമീപം കനാലിനോട് ചേർന്നുള്ള ഭാഗം വാഹനയാത്രക്കാർക്ക് കൂടുതൽ ഭീഷണിയായിട്ടുണ്ട്. ഈ ഭാഗത്ത് ഇരുമ്പ് വേലി അടിയന്തരമായി നിർമ്മിച്ചില്ലെങ്കിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ കനാൽക്കയത്തിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.

വാട്ടർ അതോറിട്ടി റോഡ് കുത്തിപ്പൊളിച്ചു

എൻ.എച്ച് വിഭാഗം പ്രതിഷേധിച്ചു

ചാനൽപ്പാലം-റസൽപുരം റോഡിൽ രണ്ടാംഘട്ട ടാറിംഗ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടതും റസൽപുരം ജംഗ്ഷനിൽ നിന്നും നൂറ് മീറ്ററോളം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിട്ടി റോ‌ഡ് കുത്തിപ്പൊളിച്ചെങ്കിലും റീടാർ ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കാത്തിൽ എൻ.എച്ച് വിഭാഗം പ്രതിഷേധിച്ചു. എൻ.എച്ച് കാര്യാലയവുമായി കൂടിയാലോചന നടത്താതെയാണ് വാട്ടർ അതോറിട്ടി റോഡ് കുത്തിപ്പൊളിച്ചത്. ഇതിനിടെ മരാമത്ത് ഉദ്യോഗസ്ഥരുമായി എൻ.എച്ച് അധികൃതർ ചർച്ച നടത്തി കുത്തിപ്പൊളിച്ച ഭാഗത്തെ റോഡിന്റെ റീടാറിംഗ് നെയ്യാറ്റിൻകര ഡിവിഷന് കൈമാറിയിരുന്നു. ചർച്ച നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും വാട്ടർ അതോറിട്ടിയോ മരാമത്ത് നെയ്യാറ്റിൻകര സെക്ഷൻ അധികൃതരോ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.