
വർക്കല: വാഹനമിടിച്ച് ഇടവ റെയിൽവേ ഗേറ്റിന് കേടുപാട് സംഭവിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി തീവണ്ടിക്കായി ഗേറ്റടയ്ക്കുന്നതിനിടെ കടന്നുപോകാൻ ശ്രമിച്ച മിനിലോറിയുടെ മുകൾഭാഗം തട്ടി ഗേറ്റിന്റെ ലിഫ്ടിംഗ് ബാരിയർ തകർന്നു. അപകടത്തെ തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാതായതോടെ തിരക്കേറിയ ഗേറ്റ് അടഞ്ഞുകിടന്നു. സ്വകാര്യബസ് സർവീസുകളേയും ഇത് സാരമായി ബാധിച്ചു. മാന്തറ വഴി വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗതം ക്രമീകരിച്ചത്. വീതി കുറഞ്ഞ പ്രസ്‌മുക്ക്-മാന്തറ റോഡിൽ വൈകിട്ടും രാത്രിയും അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം ജനങ്ങളെ വലച്ചു. റെയിൽവേ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി ഗേറ്റിന്റെ തകരാർ പരിഹരിക്കാനുള്ള ജോലികൾ തുടങ്ങി. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഇടവ ഗേറ്റ് ബുധനാഴ്ച മുഴുവൻ സമയവും അടച്ചിട്ടിരുന്നു. വ്യാഴാഴ്ച വീണ്ടും ഗേറ്റ് പണിമുടക്കിയതോടെ യാത്രക്കാർ
ദുരിതത്തിലായി.