photo1

പാലോട്: മലയോര ഹൈവേ നിർമ്മാണം 2024 ഡിസംബർ 31നകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നൽകിയ ഉറപ്പ് പാഴായി. തെന്നൂർ പാലത്തിന്റെ പുനഃർനിർമ്മാണത്തിന് 5.22കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകിയതായി ഡി.കെ.മുരളി എം.എൽ.എയെ അറിയിച്ചപ്പോഴാണ് അദ്ദേഹം മലയോര ഹൈവേയുടെ മെല്ലെപ്പോക്കിനെ പരാമർശിക്കവെ ഇങ്ങനെ പറഞ്ഞത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി,​11 (|)നോട്ടിഫിക്കേഷനുള്ള പ്രൊപ്പോസൽ കളക്ടർക്ക് സമർപ്പിച്ചു. 2022ൽ പൂർത്തിയാക്കേണ്ട മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഭൂമി വിട്ടുകിട്ടലും കോടതി നടപടികളും പദ്ധതിയെ സാരമായി ബാധിച്ചു. ഡിസംബർ 31നകം പ്രവൃത്തി പൂർത്തിയാക്കണമെന്ന് കരാറുകാരന് മന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി കരാർ കമ്പനിക്കെതിരെ കൈക്കൊള്ളുമെന്ന് മന്ത്രി ഡി.കെ.മുരളി എം.എൽ.എയെ അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

സംസ്ഥാനത്തിനാകെ അഭിമാനമാകേണ്ട മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിലുള്ള സ്ഥലത്ത് നിശ്ചലമായിട്ട് വർഷം ഒന്നര കഴിഞ്ഞു. 2017ൽ ആരംഭിച്ചതാണ് മലയോര ഹൈവേയുടെ നിർമ്മാണം. 2022 ഡിസംബറിൽ പൂർത്തിയാകുമെന്നറിയിച്ചെങ്കിലും നടപ്പായില്ല.

നടപ്പാക്കാതെ പ്രഖ്യാപനങ്ങൾ

തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാരപടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്, ആര്യനാട്,വിതുര,പെരിങ്ങമ്മല,പാലോട്,മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്.ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് ഹൈവേ കടന്നുപോകുന്നത്. സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും എന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.

പരാതികളേറെ

പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര കൊപ്പം വരെയാണ് നാലാം റീച്ചിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്ത്രണ്ട് മീറ്റർ വീതിയിയിലാണ് റോഡ് നിർമ്മിക്കേണ്ടിയിരുന്നത്. പഴയ ഓട അതേപടി നിലനിറുത്തി റോഡിന്റെ ഉള്ളിൽ പുതിയത് പണിതതിനാൽ റോഡ് പാതിയായി ചുരുങ്ങിയതായി നാട്ടുകാർ പരാതിപ്പെട്ടു.ചിറ്റൂർ പൊട്ടൻകുന്ന് മുതിയാൻകുഴി ഇക്ബാൽ കോളേജിന് മുൻവശം എന്നിവിടങ്ങളിലും പരാതിയുണ്ടായി.

പ്രവർത്തനങ്ങൾ നിശ്ചലം

നേരത്തെ പൊതുമരാമത്ത് വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരെത്തി ഇരുവശങ്ങളിലെയും പുറമ്പോക്ക് ഉൾപ്പെടെയുള്ള ഭൂമി അളന്നുതിരിച്ചു കല്ലിട്ടിരുന്നു. പിന്നീട് കിഫ്ബി ഉദ്യോഗസ്ഥരുമെത്തി അളന്നു.ഇക്ബാൽ കോളേജ് മുതൽ കൊച്ചുകരിക്കകം പാലംവരെ ഇരുവശത്തും സ്ഥലം ഒരുപോലെ ഏറ്റെടുത്തിരുന്നു.ഇരുവശത്തേയും മതിലും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് റോഡ് നിർമ്മിച്ചത്. എന്നാൽ, കൊച്ചുകരിക്കകം പാലം മുതൽ അരയകുന്ന് വരെയുള്ള റോഡുപണിയിൽ വ്യാപകമായ ക്രമക്കേട് കടന്നുകൂടി.തെന്നൂർ ജംഗ്ഷനിൽ ഒരുവശത്ത് മാത്രമുള്ള കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചലമാണ്.

ഫണ്ടനുവദിച്ചു

സർക്കാർ മലയോര ഹൈവേയിൽ ഉൾപ്പെടുന്ന പെരിങ്ങമ്മല വിതുര റോഡിന്റെ നിർമ്മാണത്തിനായി 45.25കോടി രൂപക്ക് സാമ്പത്തികാനുമതിയും 47.98കോടി രൂപക്ക് സാങ്കേതികാനുമതിയും നൽകി.വാമനപുരം നിയോജക മണ്ഡലത്തിൽ 7.45കിലോമീറ്ററും അരുവിക്കര മണ്ഡലത്തിൽ 2കിലോമീറ്റർ സ്ട്രച്ചുമാണ് വികസിപ്പിക്കുന്നത്.12മീറ്റർ വീതിയിൽ ഡിസൈൻഡ് റോഡായി വികസിപ്പിക്കും. മലയോര ഹൈവേ നിർമ്മാണത്തിൽ നിലവിൽ 8 കിലോമീറ്റർ ഡി.ബി.എം അടക്കം 70 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായി.