
കിളിമാനൂർ: ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ തങ്ങളുടെ സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ആ പന്ത്രണ്ടുപേർ. ഒരിക്കലെങ്കിലും ഒരു അരങ്ങിൽ ഒരു പാട്ടെങ്കിലും പാടണമെന്നാഗ്രഹിച്ച 12 വനിതകളാണ് ഇപ്പോൾ തങ്ങളുടെ നാടകവുമായി അരങ്ങിലെത്തുന്നത്.
നഗരൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നൂതന ആശയമായ വനിതാ തീയറ്ററിന്റെ ആദ്യ നാടകമായ "അതിരുകൾക്കപ്പുറവുമായാണ് " വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന ഇവർ ഒത്തുകൂടുന്നത്.
നഗരൂർ ഗ്രാമപഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടത്തുന്ന വനിതകളുടെ കലാസാംസ്കാരിക കൂട്ടായ്മ വനിത ജംഗ്ഷൻ പരിപാടിയുടെ ഭാഗമായി 16ന് രാത്രി 9.30ന് വനിതാ തീയറ്റർ സംഹിത അവതരിപ്പിക്കുന്ന അതിരുകൾക്കപ്പുറം എന്ന നാടകത്തിന് ആദ്യ തിരശ്ശീല ഉയരും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോക്ടർ റോഷ്നി.ജി.എസ് മുഖ്യാതിഥിയാകും.