തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ
ആർദ്ര കേരളം പുരസ്‌കാരം തുടർച്ചയായി മൂന്നാം തവണയും തിരുവനന്തപുരം നഗരസഭയ്ക്ക്. ആരോഗ്യ മേഖലയിൽ നഗരസഭ നടത്തിയ സമഗ്രവും വിപുലവുമായ പൊതുജന സൗഹൃദ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. കഴിഞ്ഞ 5 വർഷത്തിനിടെ 22 ആരോഗ്യ കേന്ദ്രങ്ങൾ പുതിയതായി ആരംഭിച്ചു. നവീകരണം നടത്തിയ 31 ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 78 കേന്ദ്രങ്ങൾ നഗരപരിധിയിൽ പ്രവർത്തിക്കുന്നുണ്ട്. 13 പാലിയേറ്റീവ് കെയർ യൂണിറ്റുകളിലായി 5801 രോഗികളെ നഗരസഭ സൗജന്യമായി പരിപാലിച്ചുവരുന്നു. കരൾ രോഗം,ക്യാൻസർ,കിഡ്നി രോഗം,അവയവമാറ്റം,
ഹൃദ്രോഗം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ചികിത്സതേടുന്നവർക്ക് സൗജന്യമായി അനന്തപുരി മെഡിക്കൽസ് മുഖേന മരുന്ന് അനുവദിക്കുന്നുണ്ട്. മാസത്തിൽ 4 ഡയാലിസിസ് എന്ന നിരക്കിൽ 187 രോഗികൾക്ക് സൗജന്യ ഡയാലിസിസും ലഭ്യമാക്കുന്നു. ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനും സൗജന്യ മരുന്ന് വിതരണത്തിനും 75 കോടി
രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യ ഭക്ഷണവിതരണത്തിനായി 3 കോടിയും അനുവദിച്ചിരുന്നു.15 യു.പി.എച്ച്.സികൾ, 2 താലൂക്ക് ആശുപത്രികൾ,7 ഫാമിലി ഹെൽത്ത് സെന്ററുകൾ, 2 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ,2 പ്രൈമറി ഹെൽത്ത് സെന്ററുകൾ, 1ഡിസ്‌പെൻസറി,14 ആയുർവേദ ആശുപത്രികൾ,14 ഹോമിയോ ആശുപത്രികൾ,21 ഹെൽത്ത് സെന്ററുകൾ തുടങ്ങിയവ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.