തിരുവനന്തപുരം: യഥാർത്ഥ കമ്യൂണിസ്റ്റിന് ഈശ്വര വിശ്വാസമാകാമെന്ന് അനശ്വര സംവിധായകൻ വേണുനാഗവള്ളി പറഞ്ഞപ്പോൾ അന്നത് വിവാദമായെന്നും, എന്നാലിന്ന് വിശ്വാസവും പ്രത്യയശാസ്ത്രവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്ന് നടൻ ജഗദീഷ് പറഞ്ഞു. വേണുനാഗവള്ളിയുടെ 15-ാം ഓർമ്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണുനാഗവള്ളി കമ്യൂണിസ്റ്റും ഒപ്പം ഈശ്വരവിശ്വാസിയുമായിരുന്നു. സിനിമയിൽ വിഷാദിയായിരുന്നെങ്കിലും ജീവിതത്തിൽ എപ്പോഴും സന്തോഷവാനായിരുന്നു അദ്ദേഹം. സൗഹൃദമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. പണത്തിന് പിന്നാലെ അദ്ദേഹം ഒരിക്കലും സഞ്ചരിച്ചിരുന്നില്ല. ആകാശവാണിയിലെ ഇഷ്ടഗീതങ്ങൾ എന്ന പരിപാടി അവതരിപ്പിച്ചതിലൂടെ അദ്ദേഹം ശബ്ദം കൊണ്ടാണ് ആദ്യം പ്രശസ്തനായത്. പിന്നീടാണ് സിനിമാ രംഗത്തേക്ക് കടന്നത്. ആദ്യമായി സംവിധാനം ചെയ്ത സുഖമോ ദേവി എന്ന സിനിമ ഹിറ്റായിരുന്നു. അതിനുശേഷം സംവിധാനം ചെയ്‌ത സർവകലാശാല എന്ന സിനിമയിൽ തനിക്ക് ചെറിയ വേഷം നൽകിയിരുന്നു. പിന്നീട് പല സിനിമകളിലും മികച്ച വേഷങ്ങൾ നൽകിയെന്നും ജഗദീഷ് അനുസ്‌മരിച്ചു.
സംവിധായകൻ ജി.എസ്.വിജയൻ, നിർമ്മാതാവ് കിരീടം ഉണ്ണി, ഗായകൻ രാജീവ് ഒ.എൻ.വി,സനൽ കുമാർ, ലളിതാംബിക നാഗവള്ളി എന്നിവർ പങ്കെടുത്തു. കല്ലറ ഗോപൻ,ജി.ശ്രീറാം,ഖാലിദ്,സരിതാ രാജീവ്,അപർണ രാജീവ് എന്നിവർ പങ്കെടുത്ത ഗാനാഞ്ജലിയും ഉണ്ടായിരുന്നു.