
പാറശാല: ആർദ്ര കേരളം പുരസ്കാരനേട്ടവുമായി കൊല്ലയിൽ പഞ്ചായത്ത്. ജില്ലാ തലത്തിൽ രണ്ടാം സ്ഥാനമാണ്. അവാർഡും മൂന്നുലക്ഷം രൂപയും കരസ്ഥമാക്കി. പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളാണ് പുരസ്ക്കാരത്തിന് അർഹമാക്കിയത്. വയോജന പരിപാലനം, വാർഡ് തലത്തിൽ നടത്തിയ യോഗ പരിശീലനം,ഭിന്നശേഷി കുട്ടികൾക്ക് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് എല്ലാ മാസവുംനൽകുന്ന 1250 രൂപ പെൻഷൻ പദ്ധതി, നേത്ര പരിശോധന, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെ വാർഡുതല ക്യാമ്പുകൾ, പ്രതിരോധ കുത്തിവയ്പുകൾ, ശുചിത്വ പരിപാലനം, കൊതുക് നിർമ്മാർജ്ജനം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആരോഗ്യസേനയുടെ പ്രവർത്തനം, പൊതുസ്ഥലങ്ങളിൽ മാലിന്യനിർമ്മാർജനം നടത്തി പൂന്തോട്ടങ്ങളും ക്യാമറകളും സ്ഥാപിച്ചു എന്നിവ നേട്ടങ്ങൾക്ക് കാരണമായി.
എല്ലാ വാർഡുകളിലും രണ്ടിൽ കൂടുതൽ മിനി എം.സി.എഫ്, എല്ലാ ജംഗ്ഷനുകളിലും വേസ്റ്റ് ബിന്നുകളും ബോട്ടിൽ ബൂത്തുകളും, 500ൽ കൂടുതൽ മാജിക് സോക്പിറ്റുകൾ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഫിക്സഡ് ഡേ ഫിക്സഡ് സൈറ്റ് വിസിറ്റ്,ആർ.ബി.എസ്.കെ എന്നീ വിഭാഗങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് കായകൽപ്പ അവാർഡ്, ഗ്രാമവണ്ടിക്ക് ദേശീയ പുരസ്ക്കാരം, ശുചിത്വമിഷൻ സംസ്ഥാന അവാർഡ്, വൃത്തി കോൺക്ലേവിൽ ഏറ്റവും മികച്ച ഉത്പന്നങ്ങളുടെ സ്റ്റാളിനുള്ള സംസ്ഥാന പുരസ്ക്കാരം, മികച്ച ഹരിതകർമ്മസേന അവാർഡ്, തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം, മികച്ച ഹരിതകർമ്മ സേനയുടെ കുടുംബശ്രീ അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ പഞ്ചായത്തിനെ മുൻനിരയിലെത്തിച്ചു. പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത്കുമാറിന്റെ ഇടപെടലുകൾ സഹായകമായി.