
ആര്യനാട്:മൂന്ന് പതിറ്റാണ്ടുകാലം ആര്യനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ആര്യനാട് തോളൂർ ആനന്ദിൽ സി.രവീന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. സഹകരണ ബാങ്ക് സെക്രട്ടറി എന്ന നിലയിൽ ബാങ്കിനെ ഇന്നത്തെ നിലയിലേക്കുയർത്താൻ രവീന്ദ്രൻ നടത്തിയ സേവനം എടുത്തു പറയേണ്ടതാണ്. ആദ്യമായി വളം ഡിപ്പോ, ന്യായവില സ്റ്റോറുകൾ തുടങ്ങി നിരവധി പദ്ധതികൾ എത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. വിശാലമായ അധികാര പരിധിയുണ്ടായിരുന്ന ബാങ്കിലെ എല്ലാ മെമ്പർമാരെയും നേരിട്ട് അറിയാനും അവരോട് സ്നേഹവാത്സല്യത്തോടെ ഇടപെടാനുമുള്ള രവീന്ദ്രന്റെ കഴിവ് ആർക്കും വിസ്മരിക്കാൻ കഴിയില്ല. ബാങ്ക് സെക്രട്ടറി സ്ഥാനത്തോടൊപ്പം ആര്യനാട്ടെ പ്രശസ്തമായ തോളൂർ ചെമ്പകമംഗലം ഭദ്രകാളീക്ഷേത്ര സെക്രട്ടറിയായും 20 വർഷക്കാലത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ ക്ഷേത്രത്തിന്റെ പുരോഗതിയുടെ അടിത്തറയും ഇദ്ദേഹമായിരുന്നു. ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്നെങ്കിലും പിന്നീട് പാർട്ടി വിട്ടു. സർവ്വീസിൽ നിന്നും വിരമിച്ചശേഷം വിശ്രമ ജീവിതത്തിലായിരുന്നു. ഇന്നലെ പുലർച്ചേയായിരുന്നു അന്ത്യം. ജി.സ്റ്റീഫൻ.എം.എൽ.എ,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,സി.പി.എം.ഏരിയ സെക്രട്ടറി പി.എസ്.മധു,മുൻ ഏരിയ സെക്രട്ടറി എൻ.ഷൗക്കത്തലി,വാർഡ്മെമ്പർ സജീനാകാസിം,സഹകരണ ബാങ്ക് പ്രസിഡന്റ് ഹർഷകുമാർ,സഹകരണ ബാങ്ക് ജീവനക്കാർ,പഴയകാല ജീവനക്കാർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. വൈകിട്ടോടെ നെടുമങ്ങാട് ശാന്തിതീരത്ത് മൃതദേഹം സംസ്ക്കരിച്ചു.