g

വർക്കല: യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ താത്കാലിക പട്ടികയിൽ ഇടംനേടി വർക്കല പാപനാശം കുന്നുകൾ. യുനെസ്കോ ഇന്ത്യൻ സ്ഥാനപതി വിശാൽ വി.ശർമ്മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രകൃതി വിഭാഗത്തിൽ പുതുതായി ഇന്ത്യയിലെ 7 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. പ്രകൃതി സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന വർക്കലയിലെ പാപനാശം കുന്നുകൾ ഉൾപ്പെടെ മഹാരാഷ്ട്ര, കർണാടക, മേഘാലയ, നാഗാലാന്റ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ചരിത്ര പ്രധാന്യമേറിയ സ്ഥലങ്ങളാണ് പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. സ്ഥിരംപട്ടികയിൽ ഇടം നേടുന്നതിലേക്കുള്ള സുപ്രധാന നടപടിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതോടെ യുനെസ്‌കോ താത്കാലിക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഇന്ത്യൻ സ്ഥലങ്ങളുടെ എണ്ണം 69 ആയി. ഇന്ത്യൻ ഭൂഗർഭ ശാസ്ത്രത്തിലും ഭൂരൂപശാസ്ത്രത്തിലും പാപനാശം കുന്നുകൾക്ക് സവിശേഷമായ സ്ഥാനമുണ്ട്. സമുദ്രതീരത്തോടു ചേർന്ന് കുന്നുകളുള്ള അപൂർവം തീരങ്ങളിലൊന്നാണിവിടം. ചിലക്കൂർ ആലിയിറക്കം മുതൽ ഇടവ വെറ്റക്കട വരെ എട്ട് കിലോമീറ്ററോളം കുന്നുകളാണ്. ലാറ്ററൈറ്റ് (വെട്ടുകല്ല്) നിറഞ്ഞ ഭൂപ്രകൃതിയാണ് മണ്ണിന്. 20 മുതൽ 30 മീറ്റർ വരെ കുന്നുകൾക്ക് പൊക്കമുണ്ട്. ഔഷധഗുണമുള്ള നീരുറവകൾ കുന്നിന്റെ താഴ്ഭാഗത്തുണ്ട്. വിദേശസഞ്ചാരികൾ കടൽസ്നാനവും ഈ ഓവുകളിൽ നിന്നുള്ള സ്നാനവും മാറിമാറി ചെയ്യാറുണ്ട്. യുനെസ്കോ മുതൽ നാഷണൽ ജിയോഗ്രാഫിക് വരെയുള്ള നിരവധി അന്താരാഷ്ട ഏജൻസികൾ വിനോദസഞ്ചാരത്തിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ച് നേരത്തെ ഇവിടെ പര്യവേക്ഷണം നടത്തിയിട്ടുണ്ട്.