
തിരുവനന്തപുരം:സ്വാശ്രയ കോഴ്സുകളുടെ പ്രവേശന മേൽനോട്ടം,ഫീസ് നിശ്ചയിക്കൽ,തലവരി തടയൽ എന്നിവയ്ക്കുള്ള സമിതി അദ്ധ്യക്ഷനായി ഹൈക്കോടതി റിട്ട.ജഡ്ജിയും ഉപലോകായുക്തയുമായിരുന്ന ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിനെ നിയമിച്ചത് കുരുക്കിൽ.ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും കാലാവധി കഴിഞ്ഞ ശേഷം സർക്കാർ,കോർപറേഷൻ,കമ്പനികൾ,സൊസൈറ്റി,യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് പ്രതിഫലം വാങ്ങുന്ന ജോലികളിൽ പുനർ നിയമനം പാടില്ലെന്ന് ലോകായുക്ത നിയമത്തിലുണ്ട്.എന്നാൽ ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിന്റെ നിയമനം ഇതിന് വിരുദ്ധമാണ്.നിയമനം ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകായുക്തയിലെ കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ ഉത്തരവിന്റെ പാരിതോഷികമാണ് നിയമനമെന്ന് കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ പറഞ്ഞു.ലോകായുക്തയിലെ കേസിലെ ഹർജിക്കാരനായിരുന്നു ശശികുമാർ.പരാതിക്ക് സാധുതയുണ്ടെന്നും ലോകായുക്തയ്ക്ക് പരിഗണിക്കാനാവുമെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ മൂന്നംഗ ബഞ്ച് ഉത്തരവിട്ടു.ഇത് പുന:പരിശോധന അധികാരമില്ലാത്ത ജസ്റ്റിസ് ബാബു മാത്യു ജോസഫ് ഉൾക്കൊള്ളുന്ന ഫുൾബഞ്ച് തള്ളുകയായിരുന്നു.