
തിരുവനന്തപുരം:ശ്രീചട്ടമ്പിസ്വാമി ജന്മസ്ഥാനക്ഷേത്രത്തിന്റെയും പഠനഗവേഷണ കേന്ദ്രത്തിന്റെയും നാമധേയത്തിൽ തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഏർപ്പെടുത്തിയ വിദ്യാധിരാജ പുരസ്കാരത്തിന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അർഹനായി. ശ്രീവിദ്യാധിരാജ സാഹിത്യ പുരസ്കാരം പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ്‌ചെയർമാൻ എൻ.ബാലഗോപാലിന് സമ്മാനിക്കും. സ്വാമികളുടെ 172-ാമത് ജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നാളെ വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. മന്ത്രി ജി.ആർ.അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്‌കുമാർ അദ്ധ്യക്ഷത വഹിക്കും.അഡീഷണൽ അഡ്വ.ജനറൽ കെ.പി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം.ഈശ്വരി അമ്മ തുടങ്ങിയവർ പങ്കെടുക്കുമെന്ന് താലൂക്ക് യൂണിയൻ സെക്രട്ടറി വിജു.വി.നായർ, ജനറൽ കൺവീനർ കെ.ആർ.വിജയകുമാർ എന്നിവർ അറിയിച്ചു.