
ഉദിയൻകുളങ്ങര: കാത്തിരിപ്പിന് വിരാമമിട്ട് കന്നിപ്പുറം കടവിൽ പാലം ഒരുങ്ങും. നെയ്യാറ്റിൻകര നഗരത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമീണ പ്രദേശങ്ങളിൽ നിന്ന് നഗരത്തിലെത്താൻ നെയ്യാർ നദി മുറിച്ചു കടക്കുകയല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയാണ്. നഗരത്തിന് മദ്ധ്യഭാഗത്തേക്ക് കോടതി, സർക്കാർ ഓഫീസുകൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചേരാൻ കടത്തുവള്ളമാണ് ഇന്നും ആശ്രയം. ദിനംപ്രതി വള്ളത്തിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞാൽ കിലോമീറ്ററുകൾ ചുറ്റിയാലേ ഗ്രാമവാസികൾക്ക് വീട്ടിലെത്താൻ കഴിയുകയുള്ളൂ.
ഇരുമ്പിൽ, രാമേശ്വരം, മരുതത്തൂർ പ്രദേശങ്ങളിലേക്ക് പോകണമെങ്കിൽ കന്നിപ്പുറംപാലം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്.
5കോടി 25ലക്ഷം ഭൂമി ഏറ്റെടുക്കാനായി വിനിയോഗിച്ചു
സംസ്ഥാന സർക്കാർ 5വർഷം കൊണ്ട് 100 പാലം പ്ലാൻ ചെയ്തിരുന്ന പദ്ധതികൾ 4 വർഷം കൊണ്ട് പൂർത്തിയാക്കി. പാലങ്ങൾ പശ്ചാത്തല
വികസന മേഖലയിലെ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പാലം നിർമ്മാണത്തിന് പ്രാധാന്യം നൽകിയതായും കന്നിപ്പുറം പാലത്തിന് തറക്കല്ലിട്ട്
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
യാത്ര എളുപ്പമാകും
നെയ്യാറ്റിൻകര കോടതിയിൽ നിന്ന് കന്നിപ്പുറം കടവ് കടന്ന് ഇരുമ്പിൽ മരുതത്തൂർ, ചായ്‌ക്കോട്ടുകോണം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് കന്നിപ്പുറം പാലം. പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരുമ്പിൽ, മരുതത്തൂർ, ചായ്‌ക്കോട്ടുകോണം പ്രദേശത്തുള്ളവർക്ക് നെയ്യാറ്റിൻകര നഗരത്തിൽ പെട്ടെന്ന് എത്തിച്ചേരാനാകും.
കോടതിയിൽനിന്നും ആരംഭിക്കുന്ന അപ്രോച്ച് റോഡ് പാലം കടന്ന് ഇരുമ്പിൽവരെ എത്തും.
ഇരുമ്പിൽ ദേശത്തുള്ളവർ രാമേശ്വരം, പാലക്കടവ് വഴിയാണ് നിലവിൽ നെയ്യാറ്റിൻകര നഗരത്തിലെത്തിച്ചേരുന്നത്, കന്നിപ്പുറത്ത് പാലം വരുന്നതോടെ ഇതൊഴിവാക്കാനാകും.
സ്ഥലമേറ്റെടുക്കൽ സങ്കീർണം
കോടതി മുതൽ കന്നിപ്പുറംവരെ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കൽ സങ്കീർണമായിരുന്നു.
കെ.ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ യോഗം ചേർന്ന് എതിർപ്പുകൾ ഒഴിവാക്കിയാണ് സ്ഥലമേറ്റെടുക്കൽ പൂർത്തീകരിച്ചത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കി. ഇനി കോടതിയുടെ മതിൽ പൊളിച്ചുനീക്കാനുണ്ട്.
നിലവിൽ കടത്തുവള്ളമുണ്ട്
നിലവിൽ കന്നിപ്പുറത്ത് നഗരസഭയുടെ കടത്തുവള്ളമുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ കടത്തുവള്ളം നിലയ്ക്കും. നഗരത്തിലെ സ്കൂളുകളിൽ പഠിക്കാനെത്തുന്ന കുട്ടികൾക്കാണ് ഇതിന്റെ ഗുണം കൂടുതൽ.
പാലം പൂർത്തിയാക്കാൻ ചെലവ്...15 കോടി 17 ലക്ഷം രൂപ