
കഴക്കൂട്ടം: അദ്ധ്യാപകർ മനസുവച്ചപ്പോൾ കണിയാപുരം ആലുംമൂട് ഗവ. എൽ.പി.എസിലെ നാലാംക്ളാസ് വിദ്യാർത്ഥി ആദിദേവിന് കിടപ്പാടം ഒരുങ്ങുന്നു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ കല്ലുപാലം വാർഡിൽ ആനൂർപള്ളിനടക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജയകുമാർ - ലതാകുമാരി എന്നിവരുടെ മകനാണ് ആദിദേവ്. അടുത്തിടെ സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ അദ്ധ്യാപകർ നടത്തിയ ഗൃഹസന്ദർശനത്തിലാണ് മൂന്നു സെന്റിൽ ഇടിഞ്ഞു പൊളിഞ്ഞ് മഴയത്ത് ടാർപ്പ കൊണ്ടു മറച്ച വീടിന്റെ പരിതാപകരമായ അവസ്ഥ അദ്ധ്യാപകർ കണ്ടത്. തുടർന്നാണ് അദ്ധ്യാപകർ അടക്കമുള്ളവരുടെ ചെറുതും വലിതുമായ സഹായങ്ങൾ ചേർത്തുവച്ച് സഹപാഠിക്കൊരു വീട് എന്ന പദ്ധതി പ്രകാരം എട്ടര ലക്ഷത്തോളം രൂപ ചെലവിൽ വീടു നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി
സ്വപ്നഭവനത്തിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ നിർവഹിച്ചു. വാർഡംഗം ഹസീന അൻസർ, എ.ഇ.ഒ ഹരികൃഷ്ണൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമൻ, പ്രധാന അദ്ധ്യാപിക എ. ഷീബ,പി.ടി.എ പ്രസിഡന്റ് എൽ. ഗിരീഷ്കുമാർ,എസ്,എം.സി ചെയർമാൻ. അജി പായ്ച്ചിറ തുടങ്ങിയവർ പങ്കെടുത്തു.