
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാട് കടുപ്പിക്കുമ്പോൾ, രാഹുലിനെ വെള്ളപൂശി കോൺഗ്രസ് മുഖപത്രത്തിൽ ലേഖനം. 'വെളിച്ചം വിളക്കന്വേഷിക്കുമ്പോൾ' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പരാതിയില്ലെങ്കിലും നടപടി എടുക്കാനാണ് പൊലീസുമേൽ സമ്മർദ്ദം എന്നാണ് പറയുന്നത്.
'വെളിച്ചം വിളക്കന്വേഷിക്കുന്നു എന്ന് പറയുന്ന അവസ്ഥയിലാണ് പാലക്കാട് എം.എൽ.എയെക്കറിച്ച് സോഷ്യൽ മീഡിയയിൽ മാത്രം വന്ന ചില പരാതികളെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസിന്റെ സ്ഥിതി. സോഷ്യൽ മീഡിയയിൽ ചില പോസ്റ്രുകൾ കണ്ടതല്ലാതെ ആരും പരാതി നൽകുകയോ മൊഴിനൽകുകയോ ചെയ്തിട്ടില്ല എന്നതിനാൽ കേസ് എടുത്താൽ തന്നെ അത് നിലനിൽക്കില്ലെന്ന് പൊലീസിനറിയാം. അതിനാലാണ് ആദ്യം ഇക്കാര്യത്തിൽ കേസെടുക്കാൻ തയ്യാറാകാഞ്ഞത്.പക്ഷെ മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പരാതിക്കാരെയും സാക്ഷികളെയും സൃഷ്ടിക്കുക എന്ന ഭാരിച്ച ചുമതലയാണ് പൊലീസന് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പരാതി നൽകിയിട്ടും നടപടി ഒന്നുമുണ്ടായില്ല എന്നാണ് പൊലീസിനെക്കുറിച്ച് സാധാരണ പറയുന്ന പരാതി. പക്ഷെ പരാതി ഇല്ലെങ്കിലും നടപടി എടുക്കാനാണ് പൊലീസിന് മേലുള്ള സമ്മർദ്ദം'.
പെട്ടെന്നൊരു ദിവസം ഒന്നിൽ കൂടുതൽ സ്ത്രീകൾ പീഡന വാർത്ത സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നു. ഉടൻ തന്നെ തല്പര കക്ഷികൾ ഏറ്റുപിടിക്കുന്നു. ജാഥ, പ്രകടനം ,കല്ലേറ് തുടങ്ങിയ പൊറാട്ട് നാടകങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ പാലക്കാടിന്റെ ഭൈമീകാമുകന്മാരായ ചില നേതാക്കൾ അരയും തലയും മുറുക്കി രംഗത്തെത്തി. കോൺഗ്രസിൽ നിന്ന് കാലുമാറി സി.പി.എമ്മിൽ ചേർന്ന സരിൻ എന്നയാൾ ചിരിച്ച ചിരി , ചിരി മത്സരത്തിലായിരുന്നെങ്കിൽ ഒന്നാം സ്ഥാനം കിട്ടിയേനെ' അങ്ങനെ പോകുന്നു രാഹുലിനെതിരായ ആക്രമണങ്ങളെ പ്രതിരോധിച്ചുള്ള ലേഖനം .