
തിരുവനന്തപുരം: 'സഹോദരിതുല്യയും ബാലസാഹിത്യകാരിയുമായ ബി.ഇന്ദിര എന്നും രാത്രി പൂക്കളുടെ ചിത്രമുള്ള ഗുഡ്നൈറ്റ് സന്ദേശമയയ്ക്കും. അതിനെ വർണിച്ച് ഞാൻ രണ്ടു വരിയെഴുതും. ആ സംഭാഷണങ്ങളാണ് കവിതകളായത്." സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കരുണിന്റെ ഭാര്യ അനസൂയ ഷാജിയുടേതാണ് വാക്കുകൾ. ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടന്ന 'ഡ്രീംസ് ഒഫ് എ ഡ്രീമർ" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അനസൂയ. പ്രിയപ്പെട്ടവളുടെ കവിതകൾ വാട്ട്സാപ്പിൽ നിന്ന് നഷ്ടപ്പെട്ടുപോകുമോയെന്ന് ഭയന്ന് ബി.ഇന്ദിര അവയെല്ലാം ഒരു ഡയറിയിൽ കുറിച്ചിട്ടു. അതും കൊണ്ടാണ് ഇന്നലെ ചടങ്ങിനെത്തിയത്. ഇളയമകൻ അപ്പു ജർമനിയിൽ നിന്നു കൊണ്ടുവന്ന ടാബിലായിരുന്നു സംഭാഷണങ്ങൾ മുഴുവനെന്ന് അനസൂയ പറഞ്ഞു. ഇന്ദിരയാണ് എന്നിലൊരു എഴുത്തുകാരിയുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. അനസൂയ ഏറെകാലം കണ്ട സ്വപ്നങ്ങളുടെ ആവിഷ്‌കാരമാണ് ഈ പുസ്തകമെന്ന് പ്രകാശനം നിർവഹിച്ച നടൻ മധുപാൽ പറഞ്ഞു. പ്രതീക്ഷകളുടെ പൂർത്തീകരണമാണ് ഈ കൃതി.നമ്മൾ നിസാരമായി തള്ളിക്കളയുന്ന അവസ്ഥകൾ എഴുത്തുകാരിയെ ചിന്തിപ്പിക്കുന്നു. സിനിമയ്‌ക്കൊപ്പം സഞ്ചരിച്ച ആളുടെ ഒപ്പമാണ് എഴുത്തുകാരി ജീവിച്ചത്. അതിന്റെ സ്വാധീനം കൃതികളിലും കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് ടി.രാധാമണി അദ്ധ്യക്ഷത വഹിച്ചു. ബി.ഇന്ദിര പുസ്തകം ഏറ്റുവാങ്ങി. സുലോചന റാംമോഹൻ പുസ്തകപരിചയം നടത്തി. പ്രൊഫ.വി.എൻ മുരളി,കെ.കെ.കൃഷ്ണകുമാർ,മാദ്ധ്യമപ്രവർത്തകൻ ബൈജു ചന്ദ്രൻ, സി.ഗാഥ,അനസൂയയുടെ മകൻ അനിൽ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ജീവിതവും പ്രകൃതിയുമൊക്കെ ഇതിവൃത്തങ്ങളാകുന്ന
നാല്പതോളം കവിതകളുടെ സമാഹാരമാണ് പുസ്തകം.