v-sivankutty

തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌റ്റേഡിയങ്ങളിലും വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഗ്രൗണ്ടുകളിലും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഉപാധികളോടെ കളിക്കാൻ അവസരം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അണ്ടർ 23 ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ കളിക്കാൻ അവസരം ലഭിച്ച രാജാജി നഗർ സ്വദേശി ശ്രീക്കുട്ടനെ അഭിനന്ദിക്കാൻ വീട്ടിലെത്തിയതായിരുന്നു മന്ത്രി. രാജാജി നഗറിലെ കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലെന്ന ശ്രീക്കുട്ടന്റെ പരാതിയെ തുടർന്നായിരുന്നു പ്രഖ്യാപനം.

"എന്നേക്കാൾ നന്നായി കളിക്കുന്ന ഒട്ടേറെ കുട്ടികൾ നഗറിലുണ്ടെങ്കിലും ഗ്രൗണ്ടില്ലാത്തത് കാരണം എല്ലാവരും ഒതുങ്ങിക്കൂടുകയാണ്. എല്ലാവർക്കും ചെറിയ പോസ്റ്റിൽ കളിക്കാനേ അവസരമുള്ളൂ. വലിയ ഗ്രൗണ്ട് ഇല്ലാത്തതാണ് പ്രധാനപ്രശ്നം." ശ്രീക്കുട്ടൻ മന്ത്രിയോട് പറഞ്ഞു. ഉടൻ തന്നെ രാജാജി നഗറിലെ കുട്ടികൾക്ക് എസ്.എം.വി സ്‌കൂളിലെ സ്‌റ്റേഡിയത്തിൽ കളിക്കാൻ അവസരം നൽകുന്നതു പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി സംസ്ഥാനത്തെ എല്ലായിടവും വൈകുന്നേരങ്ങളിൽ ഉപാധികളോടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കുമെന്നും പ്രഖ്യാപിച്ചു.

രാജാജി നഗറിൽ ആറ് പേർ കളിക്കുന്ന ഗ്രൗണ്ട് മാത്രമാണുള്ളതെന്നും ഇങ്ങനെയൊരു സാധാരണക്കാരൻ സ്വന്തം പരിശ്രമം കൊണ്ട് ഇന്ത്യൻ ടീമിലെത്തിയതിൽ വലിയ അഭിമാനമുണ്ടെന്നും ശ്രീക്കുട്ടന്റെ നേട്ടത്തെ അഭിനന്ദിച്ച് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.