
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടത്തുമെന്ന് നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്ററും ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സണുമായ ഡോ.ടി.എൻ.സീമ അറിയിച്ചു. പുരസ്‌കാര വിതരണം നാളെ വൈകിട്ട് 6ന് വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കും. മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്റി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. മന്ത്റിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുക്കും.
ദേവഹരിതം പച്ചത്തുരുത്ത്, മുളംതുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, കാവുകൾ എന്നീ വിഭാഗങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ സ്ഥാപിച്ച 145 പച്ചത്തുരുത്തുകളാണ് സ്ക്രീനിംഗിലുണ്ടായിരുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഒരു കോടി തൈകൾ നട്ടുപിടിപ്പിക്കുന്ന 'ഒരു തൈ നടാം' വൃക്ഷവത്കരണ പരിപാടിയിൽ 60 ലക്ഷം പൂർത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്റിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം നിർവഹിക്കും.