തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്‌ണപിള്ളയുടെ 109-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 19 മുതൽ 22 വരെ 'എൻ.കൃഷ്ണപിള്ള കലോത്സവം' സംഘടിപ്പിക്കും.നന്താവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലോത്സവം 19ന് രാവിലെ 11ന് അടൂർ ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
പൂന്താനം,ഇരയിമ്മൻ തമ്പി,സ്വാതിതിരുനാൾ എന്നിവരുടെ ഛായാച്ചിത്രങ്ങൾ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അനാച്ഛാദനം ചെയ്യും.എൻ.കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം, എഴുമറ്റൂരിന്റെ സർഗപ്രപഞ്ചം, അമൃതകിരണങ്ങൾ, നാടകപഞ്ചകം - അഹല്യ മുതൽ മണ്ഡോദരി വരെ എന്നീ പുസ്‌തകങ്ങൾ മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ പ്രകാശനം ചെയ്യും. 22ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. നാടകാവതരണം, നാടകപാരായണം, ശീതങ്കൻതുള്ളൽ, സാംസ്കാരികസമ്മേളനം, പുസ്‌തകശാല ഉദ്ഘാടനം, തിരുവാതിര, കഥാപ്രസംഗം, പഞ്ചവാദ്യം, അക്ഷരശ്ലോകം, നൃത്തനൃത്യങ്ങൾ, ലളിത ഗാനാഞ്ജലി, കാവ്യപൂജ, കവിയരങ്ങ്, പുസ്‌തകപ്രകാശനം, ഛായാചിത്രങ്ങളുടെ അനാച്ഛാദനം, പുസ്തക പ്രദർശന വില്പന, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.ഗോപിനാഥ്, ട്രഷറർ ബി.സനിൽകുമാർ, സെക്രട്ടറി ഡോ.ഏഴുമറ്റൂർ രാജരാജവർമ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.