തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ വിലങ്ങും മുഖംമൂടിയും അണിയിച്ച്, കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തം.ബാരിക്കേഡ് തള്ളിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് പ്രതിരോധം മറികടന്ന് ബാരിക്കേഡ് ചാടിക്കടന്ന സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ,ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
മുദ്രാവാക്യം വിളികളുമായെത്തിയ സമരക്കാരെ ഡി.ജി.പി ഓഫീസിന് ഏറെ മുൻപിലായാണ് റോഡിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞത്. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.തുടർന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതിഷേധസമരം ഉദ്‌ഘാടനം ചെയ്തു. അതിനുശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എട്ടുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്തിരിഞ്ഞില്ല. അതിനു ശേഷമാണ് അലോഷ്യസ് സേവ്യർ അടക്കമുള്ളവർ ബാരിക്കേഡ് ചാടിക്കടന്നത്. ഇവരെ അറസ്റ്റ് ചെയ്തുനീക്കി. തുടർന്ന് മറ്റു പ്രവർത്തകർ സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രമുള്ള ഫ്ളക്സ് ബോർഡുകൾ കീറിയെടുത്ത് പൊലീസ് ബസിന്റെ മുൻവശത്തെ ഗ്ലാസിൽ കെട്ടിമറച്ചു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച നിരവധി ഫ്ളക്സ് ബോർഡുകൾ തകർത്തതിനു ശേഷമാണ് പ്രവർത്തകർ മടങ്ങിയത്.
രണ്ടര മണിക്കൂർ റോഡ്
അടച്ചിട്ട് പൊലീസ്
കെ.എസ്.യു നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ച് ആരംഭിക്കുന്നതിന് രണ്ടരമണിക്കൂർ മുൻപേ റോഡ് പൂർണമായും അടച്ച് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി പൊലീസ്. വെള്ളയമ്പലം - വഴുതക്കാട് റോഡാണ് രണ്ടരമണിക്കൂർ പൂർണമായും അടച്ചത്. ആൽത്തറ അമ്മൻ ദേവീ ക്ഷേത്രത്തിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇരുഭാഗത്തേക്കും സ്‌കൂട്ടർ യാത്രക്കാരെപോലും കടത്തിവിടാനുള്ള സൗകര്യമുണ്ടാക്കാതെയാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ഉച്ചയ്ക്ക് രണ്ടരമണിക്കാണ് സമരക്കാർ എത്തിയതെങ്കിലും 12 മണി മുതൽ റോഡ് പൂർണമായും പൊലീസ് അടച്ചിരുന്നു. ഇതിനാൽ വഴുതക്കാട് റോഡിലൂടെ പോകേണ്ട യാത്രക്കാർക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വന്നു.