hus

കിളിമാനൂർ: സ്കൂൾ ബസ് റോഡരികിലെ ഗർത്തത്തിലേക്ക് മറിഞ്ഞ് 25 വിദ്യാർത്ഥികൾക്ക് പരിക്ക്. വിദ്യാർത്ഥികളെ കടയ്ക്കൽ താലൂക്കാശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് 2.30നാടെ തിരുവനന്തപുരം - കൊല്ലം ജില്ലാതിർത്തിയിൽ നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കലിലായിരുന്നു അപകടം.

പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം യു.പി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്വരാജ് മസ്ദ വാനാണ് അപകടത്തിൽപ്പെ‌ട്ടത്. സി.ബി.എസ്.ഇ ക്ലാസുകളിലെ പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം. റോഡരികിലെ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ വാൻ മൂന്ന് കരണം മറിഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു.

ടയർ തെന്നിമാറി ഏകദേശം ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ച വാൻ റബർ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. വണ്ടിവീഴുന്ന ഉ​ഗ്രശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പൊലീസെത്തി കുട്ടികളെ വിവിധ ആശുപത്രികളിൽ എത്തിച്ചു.

ധ്വനി (7),റിതിക (5),മുഹമ്മദ് ഇദാൻ (5),ശ്രീലേഖ (54),അൽഹം അദിനാൽ (11),ഇവാനിയ (7),ലിബാൻ (7),ഫാത്തിമാ സെബാൻ (11),മിയ (7),സന (11),അദ് വിക (5),വേദിക രാജേഷ് (5),കൃഷ്ണമായ (5),ശ്രീക്കുട്ടി (5),ആലിയ മെഹറിൻ (6),ആഷി സുകേഷ് (4),അനന്യ (8),മൗലി (6),അദ്‌വിക (5),നിഹാൽ (8),സൈന ഫാത്തിമ,റൈഹാൻ,ഐമാൻ എന്നീ വിദ്യാർത്ഥികളും ഡ്രൈവർ മോഹൻദാസ്,ആയ ശ്രീലേഖ എന്നിവരുമാണ് വാനിലുണ്ടായിരുന്നത്. റൈഹാൻ,ഐമാൻ എന്നിവർ നിലമേൽ പി.എച്ച്.സിയിലും, സൈന ഫാത്തിമ, മോഹൻദാസ് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ റോഡിൽ നിന്ന് സ്കൂൾ ബസ് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം