
കല്ലമ്പലം: ദേശീയപാതയിൽ ചാത്തൻപാറ ജംഗ്ഷനിൽ സ്കൂട്ടിയുടെ പിന്നിൽ മീൻലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.സ്കൂട്ടിയുടെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന കടുവയിൽ തോട്ടയ്ക്കാട് നൂറു മഹലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകൻ മുഹമ്മദ് യാസിൻ (22) ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് യാസിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ചിറയിൻകീഴ് മുസ്ലിയാർ കോളേജിലെ ബി ടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. സ്കൂട്ടി ഓടിച്ചിരുന്ന സുഹൃത്ത് പുതുശ്ശേരിമുക്ക് എം.എസ് മൻസിലിൽ ഷെരീഫിന്റെ മകൻ മുഹമ്മദ് ഇർഫാനെ (21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ക്ലാസ് കഴിഞ്ഞ് തിരിച്ചു വരവേ ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. ആറ്റിങ്ങൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന മീൻ ലോറി സ്കൂട്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുള്ള,അബ്ദുൾമജീദ്, മറിയം തയ്യിബ. ആറ്റിങ്ങൽ പൊലീസ് നടപടികൾ സ്വീകരിച്ചു.